
മലയാള സിനിമയിലെ തീപ്പൊരി ഡയലോഗുകളുടെ ഉസ്താദ് ആയാണ് രചയിതാവും സംവിധായകനും നടനുമായ രഞ്ജി പണിക്കർ വിശേഷിപ്പിക്കപ്പെടുന്നത്. സുരേഷ് ഗോപിയും മമ്മൂട്ടിയും മോഹൻലാലുമെല്ലാം പറഞ്ഞ രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും വമ്പൻ ഹിറ്റാണ്. രഞ്ജി പണിക്കർ എന്ന രചയിതാവ് എഴുതുന്ന നീണ്ട ഡയലോഗുകൾ സൂപ്പർ താരങ്ങളുടെ ശബ്ദത്തിൽ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ അതിനു വലിയ മാനങ്ങൾ കൈവരികയും ചെയ്തു. കമ്മീഷണറും തലസ്ഥാനവും ഏകലവ്യനും കിങ്ങും ലേലവും പത്രവും പ്രജയുമെല്ലാം രഞ്ജി പണിക്കരുടെ അത്തരം ഡയലോഗുകൾ കൊണ്ട് സമ്പന്നമായ ചിത്രങ്ങളാണ്. എന്നാൽ നായകന്മാർ മാത്രമല്ല, നായികമാരും തീപ്പൊരി ഡയലോഗുകളുമായി തിളങ്ങിയ ചിത്രങ്ങളും രഞ്ജി പണിക്കർ എഴുതിയിട്ടുണ്ട്. ഒരു നടിക്ക് വേണ്ടി താന്‍ ആദ്യമായി വലിയ ഡയലോഗ് എഴുതിയത് പത്രം സിനിമയിലേക്കാണെന്നാണ് രഞ്ജി പണിക്കർ പറയുന്നത്.
ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായ പത്രത്തിൽ സുരേഷ് ഗോപി നായക വേഷത്തിൽ എത്തിയപ്പോൾ നായികയായി വന്നത് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ഉള്ള മഞ്ജു വാര്യർ ആണ്. ആ സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന് വേണ്ടിയാണ് നീളമുള്ള ഡയലോഗുകള്‍ എഴുതിയിട്ടുള്ളതെന്നും അത്രയും വലിയ ഡയലോഗുകള്‍ പറയുന്ന കഥാപാത്രങ്ങള്‍ മഞ്ജു അതിന് മുമ്പ് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നും രഞ്ജി പണിക്കർ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു. നീളമുള്ള ഡയലോഗുകള്‍ വായിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ മഞ്ജു അത് മനപാഠമാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് എന്നും രഞ്ജി പണിക്കർ പറയുന്നു. നീളമുള്ള ഡയലോഗുകൾ ഓരോ നടീനടന്മാരും പറയുന്നത് ഓരോ ശൈലിയിൽ ആണെന്നും രഞ്ജി പണിക്കർ വിശദീകരിക്കുന്നു.