ആഹാരം കഴിക്കണമെങ്കിൽ ആകാശഗംഗ 2 പോലെയുള്ള സിനിമകൾ ചെയ്യണം..!

Advertisement

ഇപ്പോൾ ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്ന നടനാണ് ശ്രീനാഥ് ഭാസി. കപ്പേള, ട്രാൻസ്, അഞ്ചാം പാതിരാ, വൈറസ് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിനിടയിൽ വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 പോലെയുള്ള പക്കാ കൊമേർഷ്യൽ ചിത്രങ്ങളിലും ശ്രീനാഥ് ഭാസി പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ മികച്ച ചിത്രങ്ങളും, കഥാപാത്രങ്ങളും ചെയ്യുന്നതിനിടക്ക് ആകാശ ഗംഗ 2 പോലെയുള്ള ചിത്രങ്ങൾ ഈ നടൻ ചെയ്യുന്നതെന്തിന് എന്ന തരത്തിലുള്ള വിമർശനങ്ങളും ആ സമയത്തു ഈ നടനെ തേടിയെത്തി. ആ വിമർശനങ്ങൾക്കുള്ള മറുപടി പറയുകയാണിപ്പോൾ ശ്രീനാഥ് ഭാസി. ഏഷ്യാവില്ലേ തിയേറ്റർ മലയാളത്തിന് വേണ്ടി രേഖ മേനോൻ നടത്തിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി ആ വിമർശനങ്ങള്ക്കുള്ള മറുപടി പറയുന്നത്. ഒന്നാമത് ഒരു വിനയൻ ചിത്രം ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ടാണ് അത് ചെയ്തത് എന്ന് ശ്രീനാഥ് പറയുന്നു. അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാനും തനിക്കു ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് ഈ നടൻ പറയുന്നത്.

അതിലും പ്രധാനപ്പെട്ട കാരണം പണം തന്നെയാണെന്നാണ് ശ്രീനാഥ് ഭാസി വെളിപ്പെടുത്തുന്നത്. ആഹാരം കഴിക്കണം എങ്കിൽ, ജീവിച്ചു പോകണമെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്തു പണം ഉണ്ടാക്കിയാൽ മാത്രമേ സാധിക്കു എന്നും സിനിമ തിരഞ്ഞെടുക്കുന്നതിൽ ഒരുപാട് ബലം പിടിച്ചിരുന്നാൽ ജീവിക്കാനാവില്ല എന്നും ശ്രീനാഥ് ഭാസി സൂചിപ്പിച്ചു. പിന്നെ താനെപ്പോഴും എല്ലാത്തരം ചിത്രങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും, അതുകൊണ്ടു തന്നെ ആ തിരഞ്ഞെടുപ്പിൽ ഒരു ബാലൻസ് നിലനിർത്തി പോവാനാണ് താൽപര്യമെന്നും ശ്രീനാഥ് ഭാസി പറയുന്നു. ഓരോ ചിത്രവും എന്തിനു വേണ്ടിയാണു ചെയ്യുന്നതെന്ന പൂർണ്ണ ബോധ്യത്തോടു കൂടി തന്നെയാണ് തിരഞ്ഞെടുക്കാറ് എന്നും ഈ നടൻ സൂചിപ്പിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close