ലാലേട്ടന്റെയും മമ്മുക്കയുടേയും സമയം കളയരുതെന്ന തോന്നലിലാണ് അവരുമായി സിനിമ ചെയ്യാത്തത്; വെളിപ്പെടുത്തി സൂപ്പർ ഹിറ്റ് സംവിധായകൻ

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, ദര്‍ശന സുദര്‍ശന്‍, വിൻസി അലോഷ്യസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി 1000 ആരോസ് എന്ന ഓൺലൈൻ മാധ്യമവുമായി സംസാരിക്കവെ ലാൽ ജോസ് വെളിപ്പെടുത്തിയ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുമായി ഇപ്പോൾ ചിത്രങ്ങൾ ചെയ്യാത്തത് അവരെ പോലെയുള്ള മഹാനടന്മാർക്ക് ചേരുന്ന പ്രമേയങ്ങൾ വരാത്തത് കൊണ്ടാണെന്നും, വെറുതെ അവരെ വെച്ചൊരു ചിത്രം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും ലാൽ ജോസ് പറയുന്നു. പട്ടാളം എന്ന ചിത്രം പരാജയമായപ്പോൾ, അതിന് ശേഷം പത്തു വർഷം കഴിഞ്ഞാണ് താനൊരു മമ്മൂട്ടി പടം ചെയ്തതെന്നും, അതുപോലെ വെളിപാടിന്റെ പുസ്തകമെന്ന മോഹൻലാൽ ചിത്രം നന്നാവാതെ പോയപ്പോൾ തനിക്കു വലിയ വിഷമമായി എന്നും ലാൽ ജോസ് പറയുന്നു.

നല്ലൊരു പ്രമേയം വേണ്ടവിധത്തിൽ എടുക്കാൻ തനിക്കു സാധിക്കാത്തത് കൊണ്ടാണ് ആ ചിത്രങ്ങൾ പരാജയപ്പെട്ടതെന്നും, ഇതിഹാസങ്ങളായ ഈ നടന്മാരുടെ സമയം വെറുതെ കളഞ്ഞു എന്ന് തനിക്കു തോന്നാൻ പാടില്ല എന്നത് കൊണ്ടാണ് പിന്നീട് ഉടനെ തന്നെ അവരെ വെച്ചൊരു ചിത്രം ആലോചിക്കാത്തതെന്നും ലാൽ ജോസ് പറയുന്നു. താൻ സഹസംവിധായകനായിരിക്കുന്ന കാലം മുതൽ തന്നെ തന്നോട് ഏറ്റവും സൗഹൃദത്തോടെ, സ്നേഹത്തോടെ പെരുമാറിയ ആളാണ് മോഹൻലാൽ എന്നും അദ്ദേഹത്തോടൊപ്പം അധികം ചിത്രങ്ങൾ ചെയ്യാൻ സാധിക്കാതെ പോയത് നിർഭാഗ്യം കൊണ്ടാണെന്നും ലാൽ ജോസ് പറഞ്ഞു. ഇപ്പോഴും ഒരു കഥ കേൾക്കുമ്പോൾ അത് ലാലേട്ടനോ മമ്മുക്കക്കോ പറ്റിയതാണെന്ന് തോന്നിയാൽ, തീർച്ചയായും താൻ അവരുടെ അടുത്തേക്കോടുമെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്കു അവരുടെ അടുത്തുണ്ടെന്നും ലാൽ ജോസ് വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close