മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. ഇപ്പോഴും ഹിറ്റുകൾ സമ്മാനിക്കുന്ന മലയാളത്തിലെ സീനിയർ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ഒട്ടേറെ ക്ലാസിക് കുടുംബ ചിത്രങ്ങളാണ് മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്കു ശേഷം ജയറാമുമായി ഒന്നിക്കുന്ന ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ജയറാം- മീര ജാസ്മിൻ ടീമിനെ വെച്ച് ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം രചിക്കുന്ന ചിത്രമാണ് സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്നത്. ഗ്രാമീണത തുളുമ്പുന്ന ലളിതമായ ചിത്രങ്ങൾ ഒരുക്കാൻ കൂടുതൽ ശ്രമിക്കുന്ന സത്യൻ അന്തിക്കാട് പരീക്ഷണങ്ങൾക്കു മുതിരുന്നില്ല, അല്ലെങ്കിൽ വളരെ സുരക്ഷിതമായ രീതിയിൽ സിനിമ ചെയ്യുന്നു എന്നുള്ള വിമർശനങ്ങൾ ചില കോണുകളിൽ നിന്ന് എപ്പോഴും ഉയരാറുണ്ട്. അതിനു വ്യക്തമായ മറുപടി നൽകുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹം പറയുന്നത് താൻ മറ്റുള്ളവർ എടുക്കുന്നതിലും വലിയ റിസ്ക് എടുത്താണ് തന്റെ ഓരോ ചിത്രവും ഒരുക്കുന്നത് എന്നാണ്.
അതിനു കാരണം, താൻ ഒരുക്കുന്ന സിനിമകൾക്കായി ഉപയോഗിക്കുന്നത് വളരെ കൊച്ചു കഥകൾ ആണെന്നതാണെന്നു അദ്ദേഹം പറയുന്നു. സിനിമ വിജയിക്കണം എങ്കിൽ സംഘട്ടനവും മറ്റു മസാലകളും കുറെ പാട്ടുകളും നൃത്തവും ഒക്കെ വേണമെന്ന് വിശ്വസിച്ചിരുന്ന കാലം തൊട്ട്, അതൊന്നുമില്ലാതെ സിനിമയെടുത്തു വിജയിപ്പിച്ച ആളാണ് താനെന്നും അങ്ങനത്തെ കൊച്ചു കഥകൾ സിനിമയാക്കുന്നത് തന്നെയാണ് ഏറ്റവും വലിയ റിസ്ക് എന്നും അദ്ദേഹം പറയുന്നു. അത്തരം സിനിമകൾ വലിയ ഒരു ക്‌ളൈമാക്‌സിനോ വലിയ കാൻവാസിനോ ഒന്നും സാധ്യത നൽകുന്നില്ല എന്നും അത്തരം ചിത്രങ്ങൾ ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ പരീക്ഷണമെന്നും അദ്ദേഹം പറയുന്നു.