യുവ താരം പ്രണവ് മോഹൻലാൽ വീണ്ടും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ കീഴടക്കുകയാണ്. നായകനായ എത്തിയ മൂന്നാമത്തെ ചിത്രം തന്നെ അമ്പതു കോടി ക്ലബിൽ എത്തിച്ചിരിക്കുകയാണ് ഈ യുവ താരം. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയം ഇപ്പോൾ മലയാളത്തിലെ അമ്പതു കോടി നേടിയ ചുരുക്കം ചില ചിത്രങ്ങളുടെ കൂടെ ചേർന്നിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മുപ്പതു കോടിയോളവും വിദേശത്തു നിന്ന് 21 കോടിയോളവും ആണ് ഈ ചിത്രം ഇതുവരെ നേടിയ ഗ്രോസ്. ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, ഒപ്പം, റ്റു കൺഡ്രീസ്, പുലി മുരുകൻ, ഒടിയൻ, കായംകുളം കൊച്ചുണ്ണി, ഞാൻ പ്രകാശൻ, ലൂസിഫർ, കുറുപ്പ് എന്നിവയാണ് ഹൃദയത്തിനു മുൻപ് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച ചിത്രങ്ങൾ. ഇതിൽ പുലി മുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾ മാത്രമാണ് നൂറു കോടി ക്ലബിൽ ഇടം നേടിയിട്ടുള്ളത്.
ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡും ഇപ്പോൾ ഹൃദയത്തിന്റെ കയ്യിലാണ്. പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനവും വിനീത് ശ്രീനിവാസന്റെ മനോഹരമായ തിരക്കഥയും സംവിധാനവുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നടത്തിയ പ്രകടനവും ഹിഷാം അബ്ദുൽ വഹാബ് ഈണം നൽകിയ ഗാനങ്ങളും വലിയ കയ്യടി നേടുമ്പോൾ, അശ്വത് ലാൽ, ജോണി ആന്റണി എന്നിവരും തിളങ്ങി നിന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.