യുവ താരം പ്രണവ് മോഹൻലാൽ വീണ്ടും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ കീഴടക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. നായകനായി എത്തിയ ആദ്യ ചിത്രമായ ആദി തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയ പ്രണവ് ഇപ്പോൾ തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയ വിദേശ കളക്ഷൻ റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയം ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ആണ് റെക്കോർഡ് ഓപ്പണിങ് നേടിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ച ആണ് ഹൃദയം അവിടെ റിലീസ് ചെയ്തത്. ഓസ്‌ട്രേലിയൻ ബോക്‌സ് ഓഫീസിൽ ഏറ്റവും വലിയ ഓപ്പണിങ് നേടിയ മലയാള ചിത്രം എന്ന റെക്കോർഡ് മോഹൻലാൽ നായകനായ മരക്കാർ ആണ് കൈവശം വെച്ചിരുന്നത്.
ആ റെക്കോർഡ് തകർത്ത ഹൃദയം, ന്യൂസിലാൻഡിലെ ഏറ്റവും വലിയ ഓപ്പണിങ് നേടിയ മലയാള ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കി. മോഹൻലാൽ ചിത്രമായ ലുസിഫെർ കൈവശം വെച്ചിരുന്ന റെക്കോർഡ് ആയിരുന്നു അത്. അവിടെ വമ്പൻ കലക്ഷൻ നേടുന്ന ഹൃദയം ആ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടുന്ന മലയാള ചിത്രം ആയി മാറുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റു നോക്കുന്നത്. അൻപതിനായിരം ഡോളർ ആയിരുന്നു മരക്കാർ ഓസ്‌ട്രേലിയൻ ബോക്‌സ് ഓഫീസിൽ നിന്ന് ആദ്യ ദിനം നേടിയത് എങ്കിൽ ഹൃദയം നേടിയത് അന്പത്തിമൂവായിരം ഡോളറുകൾ ആണ്. അതുപോലെ ലുസിഫെർ സ്ഥാപിച്ച ഓപ്പണിങ് റെക്കോർഡ് ഹൃദയം ന്യൂസിലാൻഡിൽ മറികടന്നത് ആദ്യ ദിനം തന്നെ 27499 ഡോളറുകൾ കലക്ഷൻ ആയി നേടിയാണ്. ആഗോള കലക്ഷൻ മുപ്പത് കോടിയും പിന്നിട്ടു കുതിക്കുന്ന ഈ ചിത്രം കേരള ഗ്രോസ്സ് 15 കോടിയും മറികടന്ന് ആണ് തകർപ്പൻ വിജയം നേടുന്നത്.