കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ത്യൻ പ്രധാന മന്ത്രിയെ താൻ ചെന്ന് കണ്ട കാര്യം, അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ സഹിതം ഫേസ്ബുക് പേജിലൂടെ നമ്മളെ അറിയിച്ചത്. മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വശാന്തി ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ പറ്റി സംസാരിക്കാനും വിശ്വശാന്തിയുടെ കീഴിൽ പാവപ്പെട്ടവർക്കായി കേരളത്തിൽ ഒരു കാൻസർ കെയർ സെന്റർ തുടങ്ങാനുള്ള ശ്രമവും ഉണ്ടെന്നും മോഹൻലാൽ മോദിയെ അറിയിക്കുകയും, മോഡി അതിനു തന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രളയത്തിൽ അകപ്പെട്ട കേരളത്തിനെ പുനർനിർമ്മിക്കാനുള്ള യജ്ഞത്തിലും അദ്ദേഹം പങ്കു ചേരുമെന്ന് അറിയിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രം ട്വിറ്ററിൽ പങ്കു വെച്ച് കൊണ്ട് പ്രധാന മന്ത്രി മോഡി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
മോഹൻലാലുമായുള്ള കൂടി കാഴ്ച അവിസ്മരണീയമായിരുന്നു എന്നും മോഹൻലാൽ എന്ന മനുഷ്യന്റെ വിനയവും പെരുമാറ്റവും ഏറെ ഹൃദ്യമായിരുന്നു എന്നും മോഡി പറയുന്നു. സാമൂഹ്യ പ്രവർത്തന രംഗത്തെ മോഹൻലാലിൻറെ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങളും ഏറെ മികച്ചതും അതിനോടൊപ്പം തന്നെ ഏറെ പ്രചോദനം നല്കുന്നതുമാണെന്നും നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ മോഹൻലാലിന് അഭിനന്ദനങ്ങൾ നൽകിയതിന് ശേഷം മോഡി ട്വിറ്ററിൽ മോഹൻലാലിനെ പിന്തുടരുകയും ചെയ്തു. മോഹൻലാൽ ബി ജെ പി സ്ഥാനാർഥി ആയി മത്സരിക്കുന്നു എന്നൊരു ഊഹാപോഹം ഉയർന്നു വന്നെങ്കിലും ആ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അങ്ങനെയൊരു ആലോചന പോലും ഇല്ലെന്നും മോഹൻലാലിനോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന മോഹൻലാൽ വയനാട്ടിലെ 2000 കുടുംബങ്ങളെ ആണ് പ്രളയ കാലത്തു ഏറ്റെടുത്തു സംരക്ഷിച്ചത്. അവർക്കു വേണ്ട എല്ലാ അവശ്യ വസ്തുക്കളും ഒരാഴ്ച കാലത്തേക്ക് എത്തിച്ചത് മോഹൻലാൽ ആണ്.