ഈ അടുത്തിടെ ഇന്ത്യ മുഴുവൻ തരംഗമായി മാറിയ തമിഴ് ചിത്രമാണ് പാ രഞ്ജിത് ഒരുക്കിയ സർപാട്ട പരമ്പര. ഒരു ബോക്സിങ് ചിത്രമായി ഒരുക്കിയ ഈ പീരീഡ് മൂവിയിൽ ആര്യ, പശുപതി, ജോൺ കൊക്കൻ തുടങ്ങിയവർ ആണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാണ് എത്തിയത്. ഇന്റർനാഷണൽ മൂവി ഡാറ്റ ബേസിലും വലിയ റേറ്റിങ് ആണ് ഈ ചിത്രത്തിന് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഐഎംഡിബി റേറ്റിങ് മറികടന്നിരിക്കുകയാണ് ഒരു മലയാള ചിത്രം. ആമസോൺ പ്രൈം റിലീസ് ആയിത്തന്നെ എത്തിയ ഹോം എന്ന കൊച്ചു മലയാള ചിത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റോജിൻ തോമസ് രചിച്ചു സംവിധാനം ചെയ്ത ഫീൽ ഗുഡ് ഫാമിലി ചിത്രത്തിലെ നായകൻ ഇന്ദ്രൻസ് ആണ്. ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരിൽ നിന്ന് വലിയ പ്രശംസയാണ് ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഈ ചിത്രത്തിന് ലഭിച്ചത്. മോഹൻലാൽ, പ്രിയദർശൻ, എ ആർ മുരുഗദോസ് തുടങ്ങി ഒട്ടേറെ വമ്പൻ താരങ്ങളും സംവിധായകരും ഈ ചിത്രം കണ്ടു മികച്ച അഭിപ്രായം പങ്കു വെച്ചിരുന്നു.
ഏറ്റവും കൂടുതൽ ഐഎംഡിബി റേറ്റിങ് നേടിയ 250 ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ ഈ വർഷം പത്തിലധികം പുതിയ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. അതിൽ തന്നെ ആറെണ്ണം ഈ വർഷം റിലീസ് ആയ മലയാള സിനിമകൾ ആണ്. 9.1 റേറ്റിങ് പോയിന്റ് നേടി ഈ ലിസ്റ്റിൽ ഇരുപത്തിരണ്ടാം സ്ഥാനത്താണ് ഹോം ഉള്ളത്. സർപാട്ട പരമ്പര ഈ ലിസ്റ്റിൽ ഇരുപത്തിനാലാം സ്ഥാനത്തു ആണ്. ഈ വർഷം ഈ ലിസ്റ്റിൽ ഇടം പിടിച്ച മറ്റു ഇന്ത്യൻ ചിത്രങ്ങൾ മണ്ടേല, ദൃശ്യം 2, ഷേർഷാ, മിമി, മാലിക്, കർണ്ണൻ, നായാട്ടു, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജോജി, സ്റ്റേറ്റ് ഓഫ് സീജ്, ടെംപിൾ അറ്റാക്ക് എന്നിവയാണ്.