ബറോസിന് സംഗീതമൊരുക്കാൻ ഓസ്കാർ ജേതാവ്; മാർക്ക് കിലിയൻ മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക്

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. ജിജോ നവോദയ രചിച്ച കഥക്ക് മോഹൻലാലും ടി കെ രാജീവ് കുമാറും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി അഭിനയിച്ചിരിക്കുന്നത്. 400 വർഷം പ്രായമുള്ള ഒരു ഭൂതവും അയാൾ കാത്തു സൂക്ഷിക്കുന്ന നിധി തേടിയെത്തുന്ന ഒരു പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രം കാണിച്ചു തരിക. ഇപ്പോഴിതാ ഈ ചിത്രത്തിന് സംഗീതമൊരുക്കാൻ മ്യൂസിക്കൽ ജീനിയസ് മാർക്ക് കിലിയൻ എത്തി എന്ന വാർത്തയാണ് വരുന്നത്. മാർക്ക് കിലിയനുമൊത്തുള്ള ചിത്രം മോഹൻലാൽ തന്നെയാണ് ഇന്ന് പങ്ക് വെച്ചത്.

മ്യൂസിക് സെൻസേഷനായ ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമാണ് മാർക്ക് കിലിയൻ ഒരുക്കുക. ഒട്ടേറെ ഓസ്കാർ അവാർഡ് നേടിയ ചിത്രങ്ങൾക്കടക്കം സംഗീതമൊരുക്കിയ മാർക്ക്, ബറോസ് കാണുകയും അദ്ദേഹത്തിന് ചിത്രം ഏറെ ഇഷ്ടപ്പെടുകയും ചെയ്തെന്ന് ടി കെ രാജീവ് കുമാർ ക്യാൻ ചാനൽ മീഡിയയോട് പറഞ്ഞു. മോഹൻലാൽ ഏത് തരം സംഗീതമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹവുമായി ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം ലോസ് ആഞ്ചലസിലേക്കു മടങ്ങിയ മാർക്ക്, അവിടെ വെച്ചാണ് ഇതിനു സംഗീതമൊരുക്കുക. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാറാണ്. മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ചിത്രമായ മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്ന രാജസ്ഥാനിലെ ജയ് സാൽമീറിൽ വെച്ചാണ് മോഹൻലാൽ- മാർക്ക് കിലിയൻ കൂടിക്കാഴ്ച നടന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close