കഴിഞ്ഞ വർഷം തമിഴിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രം വിക്രം വേദ ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണ്. സംവിധായകരായ ഗായത്രി- പുഷ്‌കർ സംവിധാനം ചെയ്ത വിക്രം വേദിയിൽ, വിക്രമായി എത്തിയത് ബോളീവുഡിന്റെയും കോളീവുഡിന്റെയും പ്രിയ താരമായ മാധവൻ ആയിരുന്നു. വിക്രമാദിത്യ വേദാള കഥയിലൂടെ ക്രൈം ത്രില്ലർ ഒരുക്കിയ ചിത്രത്തിൽ വേദ ആയി എത്തിയത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവർക്കും പ്രിയങ്കരനായി മാറിയ വിജയ് സേതുപതിയും. ചിത്രം വലിയ വിജയമായതിനോടൊപ്പം തന്നെ വേദ എന്ന കഥാപാത്രത്തിന് കിട്ടിയ വലിയ സ്വീകാര്യതയും വേദയായി എത്തിയ വിജയ് സേതുപതിയുടെ പ്രകടനവും എല്ലാം വലിയ ചർച്ചയായി. വേദ വിജയ് സേതുപതിയുടെ കരിയർ ഗ്രാഫ് ഉയർത്തുന്ന ഒന്നായി മാറിയിരുന്നു. അങ്ങനെ ഇരിക്കെയാണ് അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് വിക്രം വേദയുടെ ഒഫീഷ്യൽ റീമേക്ക് വിവരങ്ങൾ പുറത്തു വിടുന്നത്.
സംവിധായകരായ ഗായത്രി- പുഷ്‌കർ എന്നിവർ തന്നെയാണ് ട്വിറ്ററിലൂടെ വിവരം പങ്കു വെച്ചതും. ഗായത്രി-പുഷ്‌കർ തന്നെയായിരിക്കും ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലെ ഏറ്റവും വിലയേറിയ സംവിധായകരിൽ ഒരാൾ ആയ നീരജ് പാണ്ഡെയും ചിത്രത്തിന് പുറകിൽ ഉണ്ട്. ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നതും സഹ നിർമ്മാണവും നീരജ് പാണ്ഡെ ആണ്.
പ്രേക്ഷകരെ ആവേശത്തിൽ ആഴ്ത്തിയ വേദ എന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് കിംഗ് ഖാൻ ഷാരൂഖ് ആണ്. വിക്രം ആയി ചിത്രത്തിൽ എത്തുന്നത് മാധവൻ തന്നെ ആയിരിക്കും. പരിക്കിനെ തുടർന്ന് രോഹിത് ഷെട്ടി ചിത്രത്തിൽ നിന്നും പിന്മാറിയ മാധവൻ വിക്രം വേദയുടെ ഹിന്ദി പതിപ്പിലേക്ക് എത്തുകയായിരുന്നു. ബോളീവുഡിലെ മറ്റു പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടൈന്മെന്റ് ആണ്. ചിത്രത്തിന്റെ ഉടനെ തന്നെ ആരംഭിക്കുന്നതാണ്.