കഴിഞ്ഞ കേരളാ സംസ്‌ഥാന ബജറ്റിൽ സിനിമാ ടിക്കറ്റിനു മേൽ സർക്കാർ ചുമത്തിയ അധിക നികുതിക്കു സ്റ്റേ നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ഇതോടു കൂടി സിനിമാ ടിക്കറ്റ് നിരക്ക് വർധന ഉണ്ടാവില്ല എന്നുറപ്പായി കഴിഞ്ഞു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഈ കോടതി ഉത്തരവ്. സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി കൂട്ടിയാണ് തോമസ് ഐസക് ബജറ്റിൽ അവതരിപ്പിച്ചത്.
നിലവിലുള്ള രീതി അനുസരിച്ചു 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് ടാക്‌സ് ചുമത്തുന്നത്. എന്നാൽ പുതിയ ബജറ്റിൽ കൊണ്ടു വന്ന ഭേദഗതി പ്രകാരം, 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുമെന്ന് മാത്രമല്ല, ടിക്കറ്റുകള്‍ക്കു 11% വില വര്‍ധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം ഇനിയും ഒരുപാട് കുറയും എന്നും സിനിമാ സംഘടനകൾ ആശങ്ക പങ്കു വെച്ചു. അതുകൊണ്ട് തന്നെ ഈ അധിക നികുതി ഒഴിവാക്കി തരണം എന്നു പറയാൻ അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു പോയി കാണുകയും ചെയ്തിരുന്നു.അവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.