പടവെട്ട് റിലീസ് ചെയ്യരുതെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Advertisement

യുവ താരം നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് പടവെട്ട്. ലിജു കൃഷ്ണയെന്ന നവാഗത സംവിധായകൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന സെപ്റ്റംബർ രണ്ടിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ സംവിധായകൻ ലിജു കൃഷ്ണ ഒരു പീഡനക്കേസില്‍ പ്രതിയായതോടെ, സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തക കൂടിയായിരുന്ന അതിജീവിത കോടതിയിൽ ഹർജി നൽകിയിരുന്നു. ലിജു കൃഷ്ണയ്‌ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാൽ ഈ ഹർജി ഹൈക്കോടതി അങ്ങനെ തന്നെ തള്ളി കളഞ്ഞു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

Advertisement

അതുകൊണ്ട് തന്നെ ആ കാര്യത്തിൽ ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കുകയും ചെയ്തു. അതോടെയാണ് ജസ്റ്റിസ് വി ജി അരുണ്‍ ഈ ഹര്‍ജി തള്ളി കളഞ്ഞത്. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുമ്പോഴാണ് സംവിധായകൻ ലിജു കൃഷ്ണ, അതിജീവിത നൽകിയ പീഡന പരാതിയിന്മേൽ പോലീസ് കസ്റ്റഡിയിലാവുന്നത്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലുള്ള ശാരീരിക മാറ്റത്തിനു തയ്യാറായ നിവിൻ പോളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close