മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസ് ആയി നാളെ മുതൽ എത്തുകയാണ് റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം . നായകനായി നിവിൻ പോളിയും അതിഥി വേഷത്തിൽ താര ചക്രവർത്തി മോഹൻലാലും എത്തുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കേരളത്തിലെ തിയേറ്ററുകളുടെ എണ്ണത്തിൽ ബാഹുബലി 2 കൈവശം വെച്ചിരുന്ന റെക്കോർഡ് തകർത്തു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി എത്തുന്നത്. ബാഹുബലി 2 ഏകദേശം 320 ഓളം സ്‌ക്രീനുകളിൽ ആണ് കേരളത്തിൽ റിലീസ് ചെയ്തത് എങ്കിൽ കായംകുളം കൊച്ചുണ്ണി എത്തുന്നത് 350 നു മുകളിൽ സ്‌ക്രീനുകളിൽ ആണ്. ബാഹുബലി 2 കേരളത്തിൽ ആദ്യ ദിനം കളിച്ചതു 1300 നു മുകളിൽ ഷോകൾ ആണെങ്കിൽ, കായംകുളം കൊച്ചുണ്ണി ലക്ഷ്യമിടുന്നത് 1700 നു മുകളിൽ ഷോകൾ ആണ്.
മോഹൻലാൽ എന്ന ഇതിഹാസത്തിന്റെ സാന്നിധ്യം കായംകുളം കൊച്ചുണ്ണിക്ക് നൽകുന്നത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് എന്ന റെക്കോർഡ് നേടാനുള്ള അവസരം കൂടെയാണ്. മോഹൻലാലിന്റെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രം 125 ഓളം ഫാൻസ് ഷോ ആണ് കായംകുളം കൊച്ചുണ്ണിക്ക് ലഭിച്ചിരിക്കുന്നത്. ഇത്തിക്കര പക്കി എന്ന മോഹൻലാൽ കഥാപാത്രം സ്‌ക്രീനിൽ ഏകദേശം ഇരുപതു മിനിറ്റോളം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഒരു മോഹൻലാൽ- നിവിൻ പോളി ചിത്രമായിട്ടാണ് പ്രേക്ഷകർ ഇതിനെ കാണുന്നതും അണിയറ പ്രവർത്തകർ പ്രമോട്ട് ചെയ്യുന്നതും . ഇതിനു മുൻപ് ഏറ്റവും കൂടുതൽ സ്ക്രീനുകൾ മലയാളത്തിൽ നേടിയത് 273 സ്ക്രീനുകൾ നേടിയ മോഹൻലാൽ ചിത്രം വില്ലൻ ആയിരുന്നു. ഏതായാലും നാളെ നേരം പുലരുന്നത് കേരളാ ബോക്സ് ഓഫീസിൽ കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിക്കര പക്കിയുടെയും പടയോട്ടത്തിനു സാക്ഷ്യം വഹിക്കാൻ ആയിരിക്കുമെന്ന് ചുരുക്കം.