ഉലക നായകൻ കമൽ ഹാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. മാനഗരം, കൈതി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് വിക്രം. അദ്ദേഹവും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ കമൽ ഹാസൻ കൂടാതെ, മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും, അതിഥി വേഷത്തിൽ നടിപ്പിൻ നായകൻ സൂര്യയും അഭിനയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ വലിയ ഹൈപ്പിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ഇപ്പോഴിതാ ഫാൻസ് ഷോകളോടെ ലോകം മുഴുവൻ പ്രദർശനമാരംഭിച്ച വിക്രത്തിന്റെ ആദ്യ പകുതി തീയേറ്ററുകളിൽ ഉത്സവം സൃഷ്ടിക്കുകയാണ്. ഇതിന്റെ ഇന്റർവെൽ അക്ഷരാർത്ഥത്തിൽ തീയായി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. പതുക്കെ ആരംഭിക്കുന്ന ചിത്രം കൃത്യമായ സ്പീഡിലാണ് മുന്നോട്ടു പോകുന്നത്.
എന്നാൽ ഇന്റർവെൽ ഭാഗം എത്തിയതോടെ വേറെ ലെവലിലേക്കാണ് ചിത്രം മാറുന്നത്. വിജയ് സേതുപതിയെ കാണിക്കുന്ന സ്ലോ മോഷൻ ഷോട്ടിന് വമ്പൻ കയ്യടിയാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്. കമൽ ഹാസനും ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ആദ്യ പകുതിയിൽ, പക്ഷെ നിറഞ്ഞു നിൽക്കുന്നത് ഫഹദ് ഫാസിലിന്റെ അമർ എന്ന കഥാപാത്രമായുള്ള പ്രകടനമാണെന്നു പറയാം. എന്നാൽ എല്ലാവർക്കും മുകളിൽ ആദ്യ പകുതിയിൽ സ്കോർ ചെയ്തിരിക്കുന്നത് തന്റെ കിടിലൻ പശ്‌ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദറാണ്. ഇതിനു മുൻപ് ഇത്രയും കയ്യടി ലഭിച്ച ഒരു ഇന്റർവെൽ ഭാഗം ബാഹുബലി രണ്ടാം ഭാഗത്തിനാണ് കണ്ടിട്ടുള്ളതെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. ലോകേഷ് കനകരാജിന്റെ അതിഗംഭീരമായ മേക്കിങ്ങും, വളരെ വ്യത്യസ്തമായ ശൈലിയിലൊരുക്കിയ തിരക്കഥയുമാണ് ഈ ചിത്രത്തിന്റെ നട്ടെല്ലെന്നു ആദ്യ പകുതി തന്നെ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. രണ്ടാം പകുതിയിൽ ഒരു പക്കാ കമൽ ഹാസൻ ഷോക്കുള്ള വെടിമരുന്നാണ് വിക്രം ആദ്യ പകുതിയിൽ ലോകേഷ് നിറച്ചു വെച്ചിരിക്കുന്നത്.