കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു. രാത്രി പന്ത്രണ്ടു മണി മുതൽ ആണ് ഈ ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചത്. 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ആദ്യ ദിനം ഈ ചിത്രത്തിന് വേണ്ടി നടക്കുന്നത്. എണ്ണൂറിൽ അധികം ഫാൻസ് ഷോകൾ ആണ് മരക്കാർ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ആരാധകർ കേരളത്തിൽ ഒരുക്കിയത്. ഇപ്പോഴിതാ പന്ത്രണ്ടു മണിക്ക് ആരംഭിച്ച ഈ ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ അതിഗംഭീരം എന്നേ പറയാൻ സാധിക്കു. ആദ്യ പകുതിയിൽ കയ്യടി നേടിയെടുക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. ഞെട്ടിക്കുന്ന പ്രകടനമാണ് പ്രണവ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നതു. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക പൂർണ്ണതയോടെയാണ് പ്രിയദർശൻ ഈ ചിത്രം ഒരുക്കിയത് എന്ന് ചിത്രത്തിലെ ഓരോ ഫ്രയിമും നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ചിത്രം തുടങ്ങി മോഹൻലാൽ എത്തുന്നത് കുറച്ചു വൈകി ആണെങ്കിലും അതോടെ തീയേറ്ററുകൾ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ആദ്യ പകുതി മനോഹരമായതോടെ രണ്ടാം പകുതിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. മരക്കാർ മലയാള സിനിമയിലെ ഒരു മഹാസംഭവമായി മാറും എന്നാണ് ആദ്യ പകുതി കഴിയുമ്പോൾ ഉള്ള പ്രേക്ഷക പ്രതികരണവും അതുപോലെ ആദ്യ പകുതിയുടെ നിലവാരവും സൂചിപ്പിക്കുന്നത്. കേരളത്തിലെ അറുന്നൂറിന് മുകളിൽ തീയേറ്ററുകളിൽ ഇപ്പോൾ ഉത്സവാന്തരീക്ഷമാണ് കാണുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയ ഈ ചിത്രത്തിന് ഓവർസീസ് പ്രീമിയർ ഷോകളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.