
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ഹരിഹരൻ മറ്റൊരു വമ്പൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുൻപ് ഹരിഹരൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയാണ്. മമ്മൂട്ടി, ശരത് കുമാർ, മനോജ് കെ ജയൻ, പദ്മപ്രിയ, കനിഹ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. അതിനു ശേഷം പൃഥ്വിരാജ് നായകനാവുന്ന സ്യമന്തകം എന്നൊരു ബിഗ് ബജറ്റ് ചിത്രം ഹരിഹരൻ ആലോചിച്ചിരുന്നു എങ്കിലും അത് നടക്കാതെ പോയി. ഇപ്പോഴിതാ തുള്ളൽ കലയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ചു വയസ്സ് മുതൽ ഉള്ള ജീവിതമാണ് സിനിമയുടെ വിഷയം.
എന്നാൽ ഈ ചിത്രത്തിൽ കുഞ്ചൻ നമ്പ്യാർ ആയി ആര് അഭിനയിക്കും എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് ഹരിഹരൻ പറയുന്നത്. കെ ജയകുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം എന്ന് തുടങ്ങും എന്നുള്ള കാര്യങ്ങൾ ഒന്നും തീരുമാനം ആയിട്ടില്ല. കേരളം കണ്ട ഏറ്റവും ആദ്യത്തെ നവോത്ഥാന നായകൻ ആണ് കുഞ്ചൻ നമ്പ്യാർ എന്നും ഹരിഹരൻ പറഞ്ഞു. അഭിനയവും അഭ്യാസവും തുള്ളലും ഒക്കെയായി മികച്ച അഭിനയ സാധ്യത ഉള്ള വേഷമാണ് നമ്പ്യാരുടേത് എന്നും ഒരു നടൻ തന്നെ പൂർണ്ണമായും ഈ വേഷം ചെയ്യണം എന്നാണ് ആഗ്രഹം എന്നും ഹരിഹരൻ പറയുന്നു. പല പേരുകളും മനസ്സിൽ ഉണ്ടെന്നും ഏതായാലും അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്നും ഹരിഹരൻ അറിയിച്ചു. ചിത്രത്തിൽ മൂന്നു നായികമാർ ഉണ്ടാകുമെന്നും ടൈറ്റിൽ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.