മലയാള സിനിമയിൽ ഒട്ടേറെ ശ്കതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് ഹരീഷ് പേരാടി. മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിൽ എത്തിയ ഈ നടൻ തന്റെ അഭിനയ പാടവം കൊണ്ട് നമ്മളെ ഒട്ടേറെ തവണ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലെ വമ്പൻ ചിത്രങ്ങളുടെയും ഭാഗമാണ് ഈ നടൻ. ഈ അടുത്തിടെ സൂപ്പർ വിജയം നേടിയ തമിഴ് ചിത്രം കൈദിയിലും ശ്രദ്ധേയമായ ഒരു വേഷം ഹരീഷ് പേരാടി അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരാടി വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്ന പുതിയ മലയാള ചിത്രം ആണ് മാർജാര ഒരു കല്ല് വെച്ച നുണ. ഈ വരുന്ന ജനുവരി മൂന്നിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും. ഗൗതമൻ എന്നാണ് ഹരീഷ് പേരാടി ഈ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ സ്റ്റേജിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഈ നടൻ പിന്നീട് തെരുവു നാടകങ്ങൾ അവതരിപ്പിച്ചും ശ്രദ്ധ നേടി. ജയപ്രകാശ് കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ച ഹരീഷ് പേരാടി പിന്നീട് ജയപ്രകാശിന്റെ രണ്ടു പേർ മാത്രം അഭിനയിച്ച അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചും ഏവരുടെയും കയ്യടി നേടി. വ്യതിയാനം എന്ന നാടകം സംവിധാനവും ചെയ്തിട്ടുള്ള ഈ പ്രതിഭ ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ച ഹരീഷ് പേരാടിയുടെ പ്രതിഭ ലോകം തിരിച്ചറിഞ്ഞത് ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തിലൂടെ ആയിരുന്നു. നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത മാര്‍ജാര ഒരു കല്ലുവച്ച നുണ മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി ആണ് നിർമ്മിച്ചത്. ജൈസൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ, അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഞ്ജലി നായർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.