ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. കംപ്ലീറ്റ് ആക്ടർ മോഹൻലാലുമായി ചേർന്ന് ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളും പ്രിയദർശൻ ആണ്. ഇവർ ഒരുമിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും നേടിയ മരക്കാർ അഞ്ചു ഭാഷകളിൽ ആയി അറുപതിലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. കേരളത്തിലെ മുഴുവൻ തീയേറ്ററുകളിലും ഈ ചിത്രം ഓഗസ്റ്റ് 12 നു റിലീസ് ചെയ്യാൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഒന്നര വർഷമായി ഈ ചിത്രം റിലീസ് കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്ത നടൻ ഹരീഷ് പേരാടി പ്രിയദർശനെ കുറിച്ചു എഴുതിയ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
തന്റെ ഫേസ്ബുക്ക് പേജിൽ ഹരീഷ് പേരാടി കുറിച്ച വാക്കുകൾ ഇങ്ങനെ, “വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു…45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും, ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും, ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും, പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു…മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് “പൂച്ചക്കൊരുമുക്കുത്തി” കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം..”