
കഴിഞ്ഞ ദിവസമാണ് പ്രശസ്ത നടൻ സിദ്ദിഖ് ദളപതി വിജയ്‌യെ കുറിച്ച് പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. വിജയ് ഒരു സൂപ്പർ താരം ആണെങ്കിലും ഒരു സൂപ്പർ നടൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ സാധിക്കില്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. എന്നാൽ മോഹൻലാൽ, കമല ഹാസൻ, മമ്മൂട്ടി എന്നിവർ സൂപ്പർ താരങ്ങളും സൂപ്പർ നടന്മാരും ആണെന്നും സിദ്ദിഖ് പറഞ്ഞു. സൂപ്പർ താരങ്ങളെ ആശ്രയിച്ചാണ് എല്ലാ ഇന്ഡസ്ട്രികളും നില നിൽക്കുന്നത് എന്നും സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിദ്ദിഖിന് മറുപടിയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ ഹരീഷ് പേരാടി ആണ്. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഹരീഷ് പേരാടി സിദ്ദിഖിന്റെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഹരീഷ് പേരാടിയുടെ വാക്കുകൾ ഇപ്രകാരം, ” ഒരുപാട് കാലം കപ്പയും ചോറും കഴിച്ചു മാത്രം ശീലിച്ചവർ ഇഡ്ഡലിയും സാമ്പാറും ബിരിയാണിയും ഒക്കെ സൂപ്പർ ഭക്ഷണങ്ങൾ ആണ് പക്ഷെ നല്ല ഭക്ഷണങ്ങൾ അല്ല എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശ്നമല്ല, അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ്. സ്വന്തം അനുഭവത്തിൽ പറയട്ടെ, ഈ മനുഷ്യൻ സൂപ്പർ നടനുമാണ്, സൂപ്പർ താരവുമാണ് , സഹജീവികളോട് കരുണയുള്ള, ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പർ മനുഷ്യനും ആണ്”. ഏതായാലും വിജയ്‌യെ കുറിച്ചുള്ള ഹരീഷ് പേരാടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. വിജയ്ക്ക് ഒപ്പം അഭിനയിക്കാൻ സാധിച്ചിട്ടുള്ള മലയാളം നടന്മാരിൽ ഒരാൾ ആണ് ഹരീഷ് പേരാടി. മലയാളത്തിന് പുറമെ തമിഴിലും ഇപ്പോൾ നിറ സാന്നിധ്യമാണ് ഈ നടൻ.