ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തന്റെ അടുത്ത ചിത്രവുമായി എത്തുകയാണ് ഈ വരുന്ന ഒക്ടോബർ 27 നു. ബി ഉണ്ണികൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത വില്ലൻ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ മാത്യു മാഞ്ഞൂരാൻ എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയാണ് മോഹൻലാൽ എത്തുന്നത്. തമിഴ് നടൻ വിശാലും പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിലെ നായിക വേഷങ്ങൾ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ , ഹൻസിക മൊട്‍വാനി, രാശി ഖന്ന എന്നിവരാണ്. തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളിൽ ഒരാൾ ആയ ഹൻസിക ആദ്യമായാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഹൻസിക. മോഹൻലാലിൻറെ അഭിനയത്തെ വിസ്മയകരം എന്നാണ് ഹൻസിക വിശേഷിപ്പിക്കുന്നത്.
താൻ ഇത് വരെ അവതരിപ്പിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ആണ് വില്ലനിൽ അവതരിപ്പിച്ചത് എന്ന് പറഞ്ഞ ഹൻസിക ഇതൊരു സസ്പെൻസ് ത്രില്ലർ ആയതിനാൽ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പരിമിതി ഉണ്ടെന്നും അറിയിച്ചു. മോഹൻലാലിനൊപ്പം അഭിനയിക്കാൻ എത്തിയപ്പോൾ ആദ്യം താൻ വളരെയധികം നേർവസ് ആയിരുന്നു എന്നും പക്ഷെ ഒപ്പം അഭിനയിക്കുന്നവർക്കു എപ്പോഴും മികച്ച സ്പേസ് നൽകുന്ന മോഹൻലാൽ വളരെ വേഗമാണ് തന്നെ കംഫോര്ട്ടബിൾ ആക്കിയതെന്നും ഹൻസിക പറയുന്നു. ഓരോ ഷോട്ടും കഴിഞ്ഞു ലാൽ സർ എന്ത് പറയുന്നു എന്നറിയാൻ താൻ വെയിറ്റ് ചെയ്തു നിൽക്കുമെന്നും അപ്പോൾ മോഹൻലാൽ തനിക്കൊരു ഹൈ ഫൈവ് തരുമായിരുന്നു എന്നും പറഞ്ഞ ഹൻസിക, ലാൽ സർന്റെ ആ ഹൈ ഫൈവിനായി താൻ കാത്തു നിൽക്കുമായിരുന്നു എന്ന് കൂട്ടി ചേർക്കുന്നു.
റിലീസ് ചെയ്യാൻ ഇനിയും രണ്ടു ദിവസം ശേഷിക്കെ റെക്കോർഡ് ഓപ്പണിങ് വില്ലന് ഉറപ്പായി കഴിഞ്ഞു. കാരണം വില്ലന്റെ അഡ്വാൻസ് ബുക്കിംഗ് മലയാള സിനിമയുടെ ഇന്നേവരെയുള്ള എല്ലാ ചരിത്രത്തെയും കാറ്റിൽ പറത്തി കൊണ്ട് അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്. ബുക്കിംഗ് ആരംഭിച്ചിടത്തെല്ലാം ആദ്യ ദിവസത്തെ ടിക്കറ്റുകൾ തൊണ്ണൂറു ശതമാനവും വിറ്റു പോയി എന്ന് മാത്രമല്ല കേരളമെങ്ങുമുള്ള തീയേറ്ററുകളിൽ എക്സ്ട്രാ ഷോകളും ചേർത്ത് കൊണ്ടിരിക്കുകയാണ്.