മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രം ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗിന്നസ് പക്രു നായക വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായം ആണ് ലഭിച്ചത്. നിരൂപകരും ഈ ചിത്രത്തെ വാനോളം പുകഴ്ത്തി കഴിഞ്ഞു. ഒരു ചെറിയ ചിത്രത്തിന്റെ വലിയ വിജയം എന്നാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സുദീപ് ടി ജോർജ് ആണ് രചിച്ചിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. വനജൻ എന്ന കേന്ദ്ര കഥാപാത്രമായി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.
വൈകാരിക രംഗങ്ങൾക്കും പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന രംഗങ്ങൾക്കും ഒപ്പം രസകരമായ മുഹൂർത്തങ്ങളും ഒരുപാടുള്ള ചിത്രമാണ് ഇളയ രാജ. ഗോകുൽ സുരേഷ്, ദീപക്, ഹരിശ്രീ അശോകൻ അനിൽ നെടുമങ്ങാട്, ബേബി ആർദ്ര, മാസ്റ്റർ ആദിത്യൻ, സിജി എസ് നായർ, അൽഫി പഞ്ഞിക്കാരൻ, അരുൺ, ജയരാജ് വാര്യർ, രോഹിത്, കവിത നായർ, ബിനീഷ് ബാബു, തമ്പി ആന്റണി, സിദ്ധാർഥ്, ഇന്ദ്രജിത് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി അവതരിപ്പിച്ചു. ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് പാപ്പിനുവും സംഗീതം ഒരുക്കിയത് രതീഷ് വേഗയും ആണ്. ശ്രീനിവാസൻ കൃഷ്ണയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ഇളയ രാജയിൽ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു.