അങ്ങനെ ഒരു മനസ്സുള്ള ഒരാളാണ് ദളപതി വിജയ്: ഗിന്നസ് പക്രു

Advertisement

മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമൊക്കെയായ ഗിന്നസ് പക്രു തമിഴിലും ഏറെ പ്രശസ്തനാണ്. തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്, സൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു അവരുടെ രണ്ടു പേരുടെയും അടുത്ത സുഹൃത്തുമാണ്. ഇപ്പോഴിതാ, സൂര്യ അല്ലെങ്കിൽ വിജയ് എന്നൊരു ഓപ്‌ഷൻ തന്നാൽ ആരെയാവും ആദ്യം തിരഞ്ഞെടുക്കുക എന്ന ചോദ്യം ഒരു അഭിമുഖത്തിൽ നേരിട്ടപ്പോൾ ഗിന്നസ് പക്രു നൽകിയ ഉത്തരം ശ്രദ്ധ നേടുകയാണ്. യാതൊരു സംശയവും കൂടാതെ വിജയ് എന്ന പേരാണ് ഗിന്നസ് പക്രു പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. വിജയ് ആയി തനിക്കു വ്യക്തിപരമായി അടുപ്പം കൂടുതലുണ്ട് എന്നും, വിജയ് എന്ന നടന്റെ കഴിവുകൾക്ക് അപ്പുറത്തു അദ്ദേഹത്തിന്റെ ഒരു വ്യക്തിത്വവും മനസ്സും താൻ കണ്ടിട്ടുണ്ട് എന്നാണ് ഗിന്നസ് പക്രു വിശദീകരിക്കുന്നത്. തങ്ങൾ ഒരു അഞ്ചോ ആറോ ദിവസമേ ഒന്നിച്ചു ജോലി ചെയ്തിട്ടുള്ളു എന്നും, എന്നാൽ ഈ ആറ് ദിവസവും ഷോട്ട് കഴിഞ്ഞാൽ അദ്ദേഹം തന്റെ അടുത്ത് വന്നിരുന്നു തന്റെ കഥകൾ ചോദിക്കുകയും അത് മുഴുവൻ കേൾക്കുകയും ചെയ്തെന്നും ഗിന്നസ് പക്രു വെളിപ്പെടുത്തുന്നു.

അതിനു ശേഷം ഷൂട്ട് കഴിഞ്ഞു താൻ പോകുന്ന സമയത്തു അദ്ദേഹം തനിക്കു നമ്പർ തന്നിട്ട് തന്നെ വിളിക്കണം എന്ന് പറഞ്ഞു എന്നും എന്നാൽ പലപ്പോഴും താൻ അങ്ങോട്ട് വിളിക്കുമ്പോൾ അദ്ദേഹത്തെ കിട്ടാറുണ്ടായിരുന്നില്ല എന്നും ഗിന്നസ് പക്രു പറഞ്ഞു. എന്നാൽ താൻ അങ്ങോട്ട് വിളിച്ചിട്ടു കിട്ടാത്ത ഓരോ സമയത്തും രാത്രിയിൽ അദ്ദേഹം തന്നെ തിരിച്ചു ഇങ്ങോട്ട് വിളിച്ചു എന്നും ഗിന്നസ് പക്രു തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ ആ മനസ്സാണ് തന്നെ അദ്ദേഹത്തിലേക്കു കൂടുതൽ അടുപ്പിച്ചതെന്നും ഗിന്നസ് പക്രു സൂചിപ്പിച്ചു. മലയാള സംവിധായകൻ സിദ്ദിഖ് ഒരുക്കിയ കാവലൻ എന്ന തമിഴ് ചിത്രത്തിലാണ് ഗിന്നസ് പക്രു വിജയ്‌ക്കൊപ്പം അഭിനയിച്ചത്. മലയാള ചിത്രം ബോഡി ഗാർഡിന്റെ തമിഴ് റീമേക് ആയിരുന്നു കാവലൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close