കഴിഞ്ഞ ആഴ്ച കേരളത്തിൽ റിലീസ് ചെയ്ത ചിത്രമാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ നീരാളി. മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ഈ പരീക്ഷണ ചിത്രം സംവിധാനം ചെയ്തത് മലയാളിയും ബോളിവുഡ് സംവിധായകനുമായ അജോയ് വർമ്മ ആണ്. നവാഗതനായ സാജു തോമസ് തിരക്കഥ രചിച്ച നീരാളി നിർമ്മിച്ചത് ദേശീയ- സംസഥാന പുരസ്‍കാരങ്ങൾ അടക്കം നേടിയ മികച്ച ഒരുപിടി ചിത്രങ്ങൾ നമ്മുക്ക് സമ്മനിച്ച സന്തോഷ് ടി കുരുവിള ആണ്. മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഇദ്ദേഹം നിർമ്മിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. നിരൂപകരുടെയും പ്രശംസയേറ്റു വാങ്ങിയ നീരാളിയെ വളരെ ധീരമായ ഒരു പരീക്ഷണം എന്നാണ് സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്ന മോഹൻലാൽ, അജോയ് വർമ്മ, സന്തോഷ് ടി കുരുവിള എന്നിവരെ സിനിമാ പ്രേമികൾ അഭിനന്ദിക്കുകയും ചെയ്യുകയാണ് ഇപ്പോൾ. ഇനി ഗൾഫ് രാജ്യങ്ങളിലെ പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിക്കാൻ എത്തുകയാണ് നീരാളി.
ഇന്നായിരുന്നു നീരാളിയുടെ യു എ ഇ / ജി സി സി റിലീസ്. ഫാൻസ് ഷോയുമായി നീരാളിയെ സ്വീകരിക്കാൻ ഗൾഫ് രാജ്യങ്ങളിലെ മോഹൻലാൽ ആരാധകർ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. യു എ ഇ യിൽ മുപ്പത്തിമൂന്നു സ്‌ക്രീനുകളിലും ജിസിസിയിൽ ഇരുപത്തിയഞ്ചു സ്‌ക്രീനുകളിലുമാണ് നീരാളി പ്രദർശനത്തിന് എത്തിയത്. പതിനൊന്നു കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനത്തിനൊപ്പം മനോഹരമായ വി എഫ് എക്സ്ഉം അതുപോലെ സ്റ്റീഫൻ ദേവസ്സി ഒരുക്കിയ മികച്ച ഗാനങ്ങളും ഉണ്ട്. സന്തോഷ് തുണ്ടിയിൽ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് സംവിധായകൻ അജോയ് വർമയും സജിത്ത് ഉണ്ണികൃഷ്ണനും ചേർന്നാണ്. നാദിയ മൊയ്തു. പാർവതി നായർ, ദിലീഷ് പോത്തൻ, നാസ്സർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.