കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തിയ ആറാട്ടു ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ വമ്പൻ പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം നേടുന്നത്. കേരളത്തിൽ 250 നു മുകളിൽ ഫാൻസ് ഷോകളോടെ പ്രദർശനം ആരംഭിച്ച ആറാട്ടിന് സിനിമാ പ്രേമികളും ആരാധകരും നൽകുന്നത് ഗംഭീര വരവേൽപ്പാണ്. ഒരു പക്കാ മോഹൻലാൽ ഷോ എന്ന അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലെ തീയേറ്ററുകളിലുടനീളം ഒരു പൂരത്തിന്റെ പ്രതീതി ആണ് ആറാട്ടു സൃഷ്ടിച്ചിരിക്കുന്നത്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ ആണ്. ഒരു പക്കാ മാസ്സ് മസാല ചിത്രമായി ആണ് ആറാട്ട് ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിന്റെ കിടിലൻ കോമെഡിയും, സംഘട്ടനവും എല്ലാം അതീവ രസകരമായാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം സിദ്ദിഖ്, ജോണി ആന്റണി, വിജയ രാഘവൻ, ശ്രദ്ധ ശ്രീനാഥ്, അശ്വിൻ കുമാർ, ലുഖ്മാൻ, നന്ദു, രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക, കൊച്ചു പ്രേമൻ, നെടുമുടി വേണു തുടങ്ങി ഒട്ടേറെ കലാകാരന്മാർ ഈ ചിത്രത്തിൽ തങ്ങളുടെ വേഷം ഭദ്രമാക്കി. രാഹുൽ രാജ് ഈണം പകർന്ന ഗാനങ്ങളും പശ്‌ചാത്തല സംഗീതവും ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും മികച്ചു നിന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി 58 രാജ്യങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ഗോപനെ ഇപ്പോൾ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഫോട്ടോ കടപ്പാട്: പ്രിൻസ് രാജു