മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മയുടെ മലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമായിരുന്നു ‘നീരാളി’. സിനിമ പ്രേമികൾ ഇതുവരെ കാണാത്ത ദൃശ്യ വിരുന്നാണ് സംവിധായകൻ ഒരുക്കിയത്. സർവൈവൽ ത്രില്ലർ കാറ്റഗറിയിലെ ആദ്യ മലയാള ചിത്രം എന്ന് തന്നെ നീരാളിയെ വിശേഷിപ്പിക്കാം. സണ്ണി എന്ന കഥാപാത്രത്തിന്റെ ജീവൻ മരണ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 32 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ- നാദിയ മൊയ്ദു വീണ്ടും ഒന്നിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്. എവർ ഗ്രീൻ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിൽ ദർശിക്കാൻ കുടുംബ പ്രേക്ഷകർ നീരാളിയെ തേടിയെത്തുന്നുണ്ട്.
മനുഷ്യന് പകരം പ്രകൃതി പ്രതിനായകനായിയെത്തുന്ന ആദ്യ മലയാള ചിത്രമാണ് നീരാളി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സംഘർഷ ഭരിതമായ നിമിഷങ്ങളാണ് ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കുക. മോഹൻലാൽ ചിത്രങ്ങളിൽ സാധാരണ കാണാറുള്ള ഹീറോയിസവും ആക്ഷൻ രംഗങ്ങളും ഒന്നും തന്നെ നീരാളിയില്ല, അതിജീവനം എന്ന വസ്തുതക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനേയും നീരാളി പിടിക്കുന്ന സിനിമ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാള സിനിമയിൽ പുതിയ പരീക്ഷണം ആഗ്രഹിക്കുന്ന ഓരോ സിനിമ പ്രേമികളെയും ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.
ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്, ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ഓരോ ഫ്രേമുകളും ഹോളിവുഡ് നിലവാരമുള്ളതായിരുന്നു. സുരാജ് വെഞ്ഞാറമൂട്, നാസർ, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി, പാർവതി നായർ, മേഘ മാത്യു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.