കഴിഞ്ഞ ദിവസം കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് നാം . നവാഗത സംവിധായകനായ ജോഷി തോമസ് ആണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജെ ടി പി ഫിലിമ്സിന്റെ ബാനറിൽ പ്രേമ ആന്റണി തെക്കേത് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രേമത്തിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മ, അതുപോലെ മറ്റു പ്രശസ്ത യുവ താരങ്ങൾ ആയ രാഹുൽ മാധവ്, ടോണി ലുക്ക്, ഗായത്രി സുരേഷ്, അദിതി രവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിക്കൊണ്ടാണ് ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുന്നത്. ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ ജീവിതത്തിലൂടെയാണ് ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. കോളേജ് വിദ്യാർത്ഥികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ക്യാമ്പസ് ജീവിതവും അതിനു അകത്തും പുറത്തുമായി അവർ നേരിടുന്ന ചില സാഹചര്യങ്ങളുമാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ വരച്ചിടുന്നത്.
വളരെ മികച്ച രീതിയിൽ ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ടു ജോഷി തോമസ് പള്ളിക്കൽ എന്ന നവാഗത സംവിധായകൻ . ഒരു രചയിതാവ് എന്ന നിലയിൽ വ്യത്യസ്തമായ ഒരു കഥയും വിശ്വസനീയമായ സന്ദർഭങ്ങൾ നിറഞ്ഞ ഒരു തിരക്കഥയും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞപ്പോൾ , സംവിധായകനെന്ന നിലയിലും ഒരു പുതുമുഖത്തിന്റെ പതർച്ചകൾ ഒന്നും തന്നെ കാണിക്കാതെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . വിനോദം നൽകുന്നതിനൊപ്പം മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്നതുമായ ഒരു മികച്ച ചിത്രമാണ് ജോഷി തോമസ് ഒരുക്കിയത്. അനാവശ്യമായ ഒന്നും കുത്തി തിരുകാതെ വളരെ ക്ലീൻ ആയി ഒരുക്കിയ ഒരു ചിത്രമെന്ന് നമ്മുക്ക് നാമിനെ വിശേഷിപ്പിക്കാം. രസകരമായ സംഭാഷണങ്ങളും അതുപോലെ ആവേശകരമായ നിമിഷങ്ങളും ചിത്രത്തിന്റെ കഥയിൽ ഇഴ ചേർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട് എന്ന് പറയാം. ഇവരുടെ പ്രകടനം ചിത്രത്തിന് നൽകിയ മികവ് ഒട്ടും ചെറുതല്ല. ഗൗതം വാസുദേവ് മേനോൻ, ടോവിനോ, വിനീത് ശ്രീനിവാസൻ എന്നിവർ അതിഥി വേഷത്തിൽ വന്നു കയ്യടി നേടിയെടുത്തു.
അശ്വിൻ ശിവദാസ്, സന്ദീപ് മോഹൻ ഒരുക്കിയ സംഗീതം ചിത്രത്തെ മനോഹരമാക്കിയപ്പോൾ ആന്റണി നിഖിൽ വർഗീസ്, ഉണ്ണികൃഷ്ണൻ എന്നീ എഡിറ്റർമാരുടെ മികവ് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥയെ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചിട്ടുണ്ട്. സുധീർ സുരേന്ദ്രൻ, കാർത്തിക് നല്ലമുത്തു എന്നീ ഛായാഗ്രാഹകർ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിച്ചു. അതുപോലെ സംഗീതത്തിന് മികച്ച പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഗാനങ്ങളുടെ മികവാണ് ചിത്രത്തിന്റെ നിലവാരം ഉയർത്തിയ പ്രധാന ഘടകം. എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ ചിത്രം പുതുമയും വ്യത്യസ്തതയും പകർന്നു നൽകുന്ന ഒരു ചലച്ചിത്രാനുഭവം ആക്കിയാണ് ജോഷി തോമസും ടീമും ഒരുക്കിയിരിക്കുന്നത്.