മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. ദേശീയ തലത്തിലും സംസ്‌ഥാന തലത്തിലും വരെ അംഗീകാരങ്ങൾ നേടിയ സംഗീതമൊരുക്കിയിട്ടുള്ള ഗോപി സുന്ദറിന്റെ പുലി മുരുകൻ എന്ന മോഹൻലാൽ- വൈശാഖ് ചിത്രത്തിലെ ഗാനവും പശ്‌ചാത്തല സംഗീതവും 90 മത് ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. മലയാളത്തിന് പുറമെ മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ഗോപി സുന്ദർ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോൾ ആരാധകരുടെ ചില കൗതുകകരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അതിലൊന്നായിരുന്നു എന്തുകൊണ്ടാണ് സീനിയർ ഗായകരായ ചിത്ര, യേശുദാസ് എന്നിവരോടൊപ്പം ഗോപി സുന്ദർ കൂടുതൽ ജോലി ചെയ്യാത്തത് എന്നത്.
അതിനു ഗോപി സുന്ദർ നൽകിയ ഉത്തരവും ശ്രദ്ധേയമാണ്. നമ്മുടെ സീനിയർ ഗായകർ ഇതിഹാസങ്ങളാണെന്നും അതുകൊണ്ട് തന്നെ നൂറു ശതമാനം ഹിറ്റാവും എന്നുറപ്പുള്ള ഗംഭീര ഗാനങ്ങളാണ് അവർക്ക് നല്കേണ്ടതെന്നുമാണ് തന്റെ വിശ്വാസമെന്നും ഗോപി സുന്ദർ പറയുന്നു. കുഞ്ഞുനാൾ മുതൽ കേൾക്കുന്നതാണ് ഇവരുടെ ശബ്ദമെന്നുള്ളത് കൊണ്ടു തന്നെ അവർക്ക് താൻ കൊടുക്കുന്ന സ്നേഹവും ബഹുമാനവുമാണ് തന്റെ പാട്ടുകളെന്നും അദ്ദേഹം പറയുന്നു. ചുമ്മാ ഏതെങ്കിലും ഒരു ഗാനം അവർക്ക് കൊടുക്കാനല്ല തന്റെ ശ്രമമെന്നും അവർക്ക് വേണ്ടി താനുണ്ടാക്കാൻ ശ്രമിക്കുന്നത് ഏറ്റവും ബെസ്റ്റ് എന്നു വിളിക്കാവുന്ന ഗാനങ്ങളാണെന്നും ഗോപി സുന്ദർ പറഞ്ഞു. മലയാളത്തിൽ ആദ്യമായി നൂറു കോടി നേടിയ ലാലേട്ടൻ ചിത്രമായ പുലി മുരുകനിൽ അവരെ കൊണ്ട് പാടിച്ചത് ആ വിശ്വാസം കൊണ്ടാണെന്നും അതുപോലെ ഓലേഞ്ഞാലി കുരുവി എന്ന ഗാനമൊക്കെ ജയചന്ദ്രൻ സാറിനും വാണി ചേച്ചിക്കുമുള്ള തന്റെ സ്നേഹമാണെന്നും ഗോപി സുന്ദർ കൂട്ടിച്ചേർത്തു. പുലിമുരുകനിലെ സൂപ്പർ ഹിറ്റ് ഗാനമായ കാടണിയും കാൽചിലമ്പേ എന്ന ഗാനം പാടിയത് യേശുദാസും ചിത്രയുമാണ്.