100 കോടി ക്ലബിൽ പ്രേമലുവും; ചരിത്രം കുറിക്കുന്ന അഞ്ചാം ചിത്രം

Advertisement

മലയാള സിനിമയിൽ നൂറ് കോടിയുടെ ചരിത്രം കുറിക്കുന്ന അഞ്ചാം ചിത്രവും പിറന്നു കഴിഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ആണ് മലയാള സിനിമയിൽ നിന്ന് നൂറ് കോടിയുടെ ആഗോള ഗ്രോസ് നേടുന്ന ഏറ്റവും പുതിയ ചിത്രമായത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം മലയാള ചിത്രമാണ് പ്രേമലു. മോഹൻലാൽ നായകനായ പുലി മുരുകൻ, മോഹൻലാൽ നായകനായ ലൂസിഫർ, മൾട്ടിസ്റ്റാർ ചിത്രമായ 2018 , മൾട്ടിസ്റ്റാർ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങൾ. പ്രേമലു 100 കോടി ഗ്രോസ് നേടിയതോടെ ഇതിലെ നായകനായ നസ്ലിൻ മറ്റൊരു അപൂർവ റെക്കോർഡിന് കൂടി അർഹനായിരിക്കുകയാണ്. സോളോ ഹീറോ ആയി നൂറ് കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മാത്രം മലയാള നടനാണ് നസ്ലിൻ. ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത് മോഹൻലാൽ മാത്രമാണ്. അതുപോലെ നൂറ് കോടി ക്ലബിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനും നസ്ലിനാണ്.

കേരളത്തിൽ നിന്ന് മാത്രം 52 കോടിയോളം ഗ്രോസ് നേടിയ ഈ ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നേടിയത് 8 കോടിയോളമാണ്. ഇതിന്റെ തെലുങ്ക് ഡബ്ബിങ് പതിപ്പ് രണ്ടര കോടിയോളം ഗ്രോസ് നേടിയപ്പോൾ, ഈ ചിത്രം നേടിയ വിദേശ കളക്ഷൻ 38 കോടിയോളമാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ വിജയങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ഈ ചിത്രം ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നസ്ലെൻ, മമിതാ ബൈജു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ നിർമ്മിച്ച ചിത്രമാണ് പ്രേമലു

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close