ഇന്ത്യയുടെ എഡിസണായി ആർ. മാധവൻ; ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

Advertisement

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബയോപിക് ചിത്രം ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. “വികാരത്താൽ നയിക്കപ്പെടുകയും പാരമ്പര്യത്താൽ ഊർജം ഉൾക്കൊള്ളുകയും ചെയ്ത ഒരു മനുഷ്യന്റെ കഥ…” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത എഞ്ചിനീയറും വ്യവസായ സംരംഭകനുമായ ജി. ഡി. നായിഡുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെ കോയമ്പത്തൂരിനെ രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ ബഹുമതിയും ജി. ഡി. നായിഡുവിനാണ്. ജനങ്ങൾക്ക് പ്രയോജനകരവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചതിനാലാണ് അദ്ദേഹം ‘ഇന്ത്യയുടെ എഡിസൺ’ എന്ന പേരിൽ അറിയപ്പെട്ടത്.

Advertisement

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിക്കുന്നു.

മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും കൃഷ്ണകുമാർ രാമകുമാറാണ്.

ദേശീയ പുരസ്കാരം നേടിയ റോക്കട്രി: ദി നമ്പി ഇഫക്ടിന് ശേഷം മറ്റൊരു ശാസ്ത്രപ്രതിഭയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണിത്.

ഗോവിന്ദ് വസന്തയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല എഡിറ്റിംഗും നിർവഹിക്കുന്നു.

വർഗീസ് മൂലൻ പിക്ചേഴ്സും ട്രൈ കളർ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഉർവശി തിയേറ്റേഴ്സാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close