മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സ്ഥിരം ശൈലികളിൽ നിന്ന് മാറി നടക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഗൗതം മേനോൻ ഒരുക്കിയ മിന്നലേ, കാക്ക കാക്ക , വാരണം ആയിരം, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ മനസ് കീഴടക്കിയവയാണ്. ജോഷി തോമസ് ഒരുക്കുന്ന നാം എന്ന മലയാള ചിത്രത്തിലൂടെ ഒരു അഭിനേതാവായി അരങ്ങേറുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലൗഞ്ചിൽ മുഖ്യാതിഥി ആയിരുന്നു.
വിണ്ണൈ താണ്ടി വരുവായ റിലീസ് ആയ സമയത്ത് മലയാളത്തിന്റെ പ്രിയസംവിധായകനായ സത്യൻ അന്തിക്കാട് തന്നെ വിളിച്ചിരുന്നുവെന്നും കേരളത്തെ ഇത്ര ഭംഗിയായി മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ അഭിനന്ദനം അറിയിച്ചുവെന്നും ഗൗതം വാസുദേവ് മേനോൻ പറയുകയുണ്ടായി. താൻ സത്യൻ അന്തിക്കാടിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടുത്ത വർഷം ഫെബ്രുവരിയോടെ തന്റെ ആദ്യ മലയാള സിനിമ ആരംഭിക്കാൻ ഗൗതം വാസുദേവ് മേനോൻ ഒരുങ്ങുകയാണെന്നാണ് സൂചന. ഇതിനായി മോഹൻലാലും, മമ്മൂട്ടിയും മുതൽ എല്ലാ പ്രമുഖ താരങ്ങളെയും അദ്ദേഹം കണ്ടു കഴിഞ്ഞെന്നും, അവരുടെ തിരക്കുകൾ കാരണം ഡേറ്റ് ലഭിക്കുന്നില്ല എന്നുമാണ് സൂചനകൾ പറയുന്നത്.
വിക്രം നായകനായ ധ്രുവ നചത്തിരം എന്ന ചിത്രമാണ് ഗൗതം മേനോന്റേതായി പുറത്തുവരാനുള്ളത്. ഒരു സ്‌പൈ ത്രില്ലർ ആയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുള്ളുവെന്നാണ് സൂചന.
നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘നാം’. ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, അദിതി രവി, മറീന മൈക്കിള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നാമില്‍ രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സൈജു കുറുപ്പ്, ടോണി ലൂക്ക് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിൽ വിദ്യാർത്ഥി സംഘത്തെ നിർണായക ഘട്ടത്തിൽ സഹായിക്കുന്ന ആളായാണ് ഗൗതം വേഷമിട്ടിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായാണെങ്കിലും തമിഴിൽ 13 ഓളം ചിത്രങ്ങളിൽ ഗൗതം വാസുദേവ് മേനോൻ അഭിനയിച്ചിട്ടുണ്ട്.