തമിഴ് സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് സൂര്യ- ഗൗതം മേനോൻ എന്നിവരുടേത്, വെറും രണ്ട് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ഈ കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. 2003ൽ പുറത്തിറങ്ങിയ ‘കാക്ക കാക്ക’ യാണ് ഇവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം. സൂര്യ എന്ന നടന്റെയും ഗൗതം മേനോൻ എന്ന സംവിധായകന്റെയും വളർച്ചക്ക് പ്രധാന പങ്ക് വഹിച്ച ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം. പിന്നീട് 5 വർഷങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത് തമിഴ് സിനിമയിലെ എവർഗ്രീൻ ചിത്രമായ ‘വാരണം ആയിരം’ എന്ന സിനിമക്ക് വേണ്ടിയായിരുന്നു. നാഷണൽ അവാർഡ് വരെ കരസ്ഥമാക്കിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി നിലകൊള്ളുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘ധ്രുവ നച്ചിത്തിരം’ എന്ന സിനിമക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്ത ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം സൂര്യ ഗൗതം മേനോൻ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഗൗതം മേനോൻ തന്റെ പുതിയ ചിത്രത്തെ കുറിച്ചു സൂചന നൽകിയത്.
കാത്തിരിപ്പിന് വിരാമം എന്നപോലെ വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. അടുത്തിടെ ഒരു ഇന്റർവ്യൂയിൽ സൂര്യയുമായി ഒരു ചിത്രം അടുത്ത വർഷം ഉണ്ടാവുമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ച് ‘വാരണം ആയിരം’ പോലത്തെ ഒരു ചിത്രം ഉടനെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ‘കാക്ക കാക്ക’ രണ്ടാം ഭാഗം ഉടനെ ഉണ്ടാവും എന്നാണ് ഒരു ഇന്റർവ്യൂയിൽ മറുപടി നൽകിയത്. തമിഴ് സിനിമയിലെ ഏറ്റവും മികച്ച പോലീസ് ചിത്രമാണ് ‘കാക്ക കാക്ക’. പീറ്റർ ഹെയ്ൻ എന്ന സ്റ്റണ്ട് മാസ്റ്ററിന്റെ വളർച്ചക്കും പ്രധാനപങ്ക് വഹിച്ച ചിത്രം. ‘കാക്ക കാക്ക’ യുടെ രണ്ടാം ഭാഗം ഉണ്ടാവാണെങ്കിൽ സംഗീതം നിർവഹിക്കുന്നത് ഹാരിസ് ജയരാജ് തന്നെയായിരിക്കും. ഗൗതം മേനോന്റെ ഈ വർഷം റീലീസിനായി ഒരുങ്ങുന്ന ചിത്രങ്ങളാണ് ധനുഷ് ചിത്രം ‘എന്നയ് നോക്കി പായും തോടാ’, വിക്രം ചിത്രം ‘ദ്രുവ നച്ചിത്തിരം’ തുടങ്ങിയവയാണ് എന്നാൽ സൂര്യയുടെ ഈ വർഷം ദിവാലിക്ക് ഒരുങ്ങുന്നത് സെൽവരാഘവൻ ചിത്രം ‘എൻ.ജി.ക്കെ’ യാണ്, ഈ മാസം അവസാനത്തോട് കൂടി കെ.വി ആനന്ദ് ചിത്രത്തിൽ സൂര്യ ഭാഗമാവും.