മലയാള സിനിമയിൽ തൊഴിൽ തർക്കങ്ങൾ കൂടി വരികയാണ്. ഈ അടുത്തിടെ നമ്മൾ കണ്ട ജോബി ജോർജ്- ഷെയിൻ നിഗം വിവാദം വരെ വലിയ രീതിയിൽ ആണ് മലയാള സിനിമയ്ക്കു നാണക്കേട് ഉണ്ടാക്കിയത്. നിർമ്മാതാവും നടീനടന്മാരും തമ്മിലും സംവിധായകരും നിർമ്മാതാക്കളും തമ്മിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് പൊതു സമൂഹത്തിനു മുന്നിലേക്ക് വലിച്ചിഴച്ചു മലയാള സിനിമയുടെ മുഖം വികൃതമാക്കുകയും ചെയ്യുകയാണ് ചിലർ. സിനിമയോട് യാതൊരു ആഭിമുഖ്യവുമില്ലാത്ത, കച്ചവട താല്‍പര്യം മാത്രമുള്ള ചില നിര്‍മ്മാതാക്കള്‍ ആണ് സിനിമാ മേഖലയെ തകർക്കുന്നത് എന്ന് പ്രശസ്ത നിർമ്മാതാവായ ജി സുരേഷ് കുമാർ പറയുന്നു.
ചലച്ചിത്ര ബന്ധങ്ങള്‍ ഇല്ലാത്ത, സിനിമയെന്തെന്ന് പോലും അറിയാത്ത ഇവർ സിനിമയിലേക്ക് കടന്നു വരുന്നത് തന്നെ സാറ്റലൈറ്റ് വില്‍ക്കാന്‍ മാത്രമാണ് എന്നും അദ്ദേഹം പറയുന്നു. കേരളാ കൗമുദി മൂവീസിന്റെ ഗസ്റ്റ് എഡിറ്റോറിയലിൽ ആണ് ജി സുരേഷ് കുമാർ നിശിതമായ ഭാഷയിൽ ഇത്തരം നിർമ്മാതാക്കളെ വിമർശിച്ചത്. ജി സുരേഷ് കുമാർ പറയുന്ന വാക്കുകൾ ഇപ്രകാരം, “മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെക്കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷ നല്‍കുന്ന, സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്. രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്”.
ഇതോടൊപ്പം തന്നെ വ്യക്തിബന്ധങ്ങൾക്കു വിലയില്ലാതെ ആയിട്ടുണ്ട് എന്നും ജി സുരേഷ് കുമാർ പറയുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഷെയിൻ നിഗം- ജോബി ജോർജ് വിഷയത്തിൽ ഇരു കൂട്ടരുടെയും ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നും ജി സുരേഷ് കുമാർ കൂട്ടിച്ചേർത്തു. 1980 കൾ മുതൽ മലയാള സിനിമയിൽ ഉള്ള ജി സുരേഷ് കുമാർ നിർമ്മിച്ച ചിത്രങ്ങൾ ആണ് പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, അയല്‍വാസി ഒരു ദരിദ്രവാസി, ആറാം തമ്പുരാന്‍, കുബേരന്‍, വെട്ടം, നീലത്താമര, ചട്ടക്കാരി എന്നിവ. അദ്ദേഹം നിർമ്മിച്ചവയിൽ ഏറ്റവും വലിയ വിജയം ആയതു മോഹൻലാൽ- ഷാജി കൈലാസ് ചിത്രമായ ആറാം തമ്പുരാൻ ആയിരുന്നു. മലയാള സിനിമയിലെ ഒരു ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രമാണ് അത്. ഇപ്പോൾ നടൻ എന്ന നിലയിലും സിനിമകളിൽ സജീവമാണ് ജി സുരേഷ് കുമാർ.