മലയാള സിനിമയിൽ കഴിഞ്ഞ നാൽപ്പതിലധികം വർഷമായി തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് മോഹൻലാൽ. ഇന്നും മലയാള സിനിമയുടെ നട്ടെല്ലായി മോഹൻലാൽ തുടരുമ്പോൾ അദ്ദേഹത്തിനൊപ്പം തന്നെ സിനിമാ ജീവിതമാരംഭിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ബാല്യ കാല സുഹൃത്ത് ജി സുരേഷ് കുമാർ മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവായ മാറിയപ്പോൾ മറ്റൊരു സുഹൃത്ത് പ്രിയദർശൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി തിളങ്ങി നിൽക്കുന്നു. അതോടൊപ്പം അന്ന് ഇവരുടെ സൗഹൃദ കൂട്ടത്തിൽ ഉണ്ടായിരുന്നു മണിയൻ പിള്ള രാജു, എസ് കുമാർ, എം ജി ശ്രീകുമാർ തുടങ്ങി ഒട്ടേറെ പേർ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇപ്പോഴും തുടരുന്ന ഇവരുടെ ശ്കതമായ സൗഹൃദ ബന്ധത്തെ സിനിമയ്ക്കു അകത്തും പുറത്തുമുള്ളവർ ഏറെ അത്ഭുതത്തോടു തന്നെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ ഇവരുടെ യൗവ്വനകാലത്തെ ഒരു രസകരമായ ഓർമ്മ പങ്കു വെക്കുകയാണ് നിർമ്മാതാവ് ജി സുരേഷ് കുമാർ. മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്ത സമയത്തെ അനുഭവമാണ് അദ്ദേഹം പറയുന്നത്.
തിരനോട്ടം എന്ന ചിത്രത്തിൽ ആദ്യം പ്രിയദർശൻ ഉണ്ടായിരുന്നില്ല എന്നും അന്ന് താനും പ്രിയനും തമ്മിൽ കണ്ടാൽ ഉടക്കാണ് എന്നും സുരേഷ് കുമാർ പറയുന്നു. പക്ഷെ ചിത്രത്തിന്റെ അവസാന ഘട്ടത്തിൽ തിരക്കഥ തിരുത്താനാണ് പ്രിയദർശൻ ഈ ചിത്രത്തിന്റെ ഭാഗമായി വരുന്നതെന്നും പക്ഷെ വന്നു കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾക്കു തന്നെ ഒഴിവാക്കി സംവിധായകൻ അശോക് കുമാർ ആദ്യം കൊണ്ട് പോയത് പ്രിയനേ ആണെന്നും സുരേഷ് കുമാർ പറഞ്ഞു. എന്നാൽ പിന്നീട് താനും അവർക്കു പുറകെ മദ്രാസിൽ എത്തുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമാവുകയും ചെയ്‌തെങ്കിലും ആദ്യം പ്രിയനും അശോക് കുമാറുമൊന്നും തന്നോട് സംസാരിച്ചിരുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു. മോഹൻലാൽ മാത്രമായിരുന്നു അന്ന് തനിക്കു പിന്തുണ എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ് സമയത്തു എല്ലാവർക്കുമിടയിലുള്ള മഞ്ഞുരുകുകയും അതിനു ശേഷം വലിയ സൗഹൃദത്തിലേക്കു ചെന്നെത്തുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പ്രിയദർശൻ ഇന്നും തന്നോട് സരസമായി പറയും, അന്ന് ഞാൻ നിന്നെ വെട്ടിയതാണ് ആ സിനിമയിൽ നിന്നെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു.