നായികയുടെ സൈഡ് കിക്കിൽ നിന്ന് സൂപ്പർസ്റ്റാറിനെ വിറപ്പിച്ച വർമ്മൻ ഷോ; പ്രേക്ഷകഹൃദയങ്ങളിൽ വിനായക ഭരണം.

Advertisement

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് വിനായകൻ എന്ന മലയാള നടനെ കുറിച്ചുള്ള പ്രശംസകളും അയാൾ ഒരു നടനെന്ന നിലയിൽ കൈവരിച്ച വളർച്ചയേയും കുറിച്ചുള്ള ചർച്ചകളുമാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമ്പോൾ, എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്, അതിൽ സൂപ്പർസ്റ്റാറിനെ പോലും വിറപ്പിച്ച വർമ്മനെന്ന വില്ലന്റെ മികവിനെ കുറിച്ചാണ്. കൊടും വില്ലനായി രജനികാന്തിന്റെ നായക കഥാപാത്രത്തെ പോലും കടത്തി വെട്ടുന്ന പ്രകടനമാണ് വിനായകൻ കാഴ്ച വെച്ചത്.

ഇന്നത്തെ ഈ നിലയിൽ വിനായകൻ എത്തുന്നതിന് മുൻപ് അദ്ദേഹം പിന്നിട്ട വഴികൾ വളരെ ദുർഘടം തന്നെയായിരുന്നു. 1995 ഇൽ മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് തമ്പി കണ്ണന്താനം ചിത്രമായ മാന്ത്രികത്തിലെ നർത്തകനായി അരങ്ങേറ്റം കുറിച്ച വിനായകൻ, പിന്നീട് തമിഴിൽ എത്തുന്നത് നായികയുടെ ശിങ്കിടിയായ ചെറിയ വേഷത്തിലൂടെയാണ്.

Advertisement

ഇന്നേക്ക് പതിനേഴു വർഷം മുൻപ് തരുൺ ഗോപി സംവിധാനം ചെയ്ത തിമിര് എന്ന വിശാൽ ചിത്രത്തിൽ, വില്ലത്തിയുടെ വേഷം ചെയ്ത ഈശ്വരിയുടെ സൈഡ് കിക്ക് എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായാണ് വിനായകൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചിമ്പുവിന്റെ സിലമ്പാട്ടം, ഷാജി കൈലാസ് ഒരുക്കിയ എല്ലാം അവൻ സെയൽ, ചിമ്പുവിന്റെ കാലൈ, കാർത്തിയുടെ സിരുതൈ എന്നീ ചിത്രങ്ങളിൽ നായകന്റെ കൂട്ടുകാരനായും ഗുണ്ടയായും അപ്രധാന ചെറിയ വേഷങ്ങളിലും അഭിനയിച്ച വിനായകൻ, ധനുഷ് നായകനായ മരിയാനിലൂടെ ഒരു നിർണ്ണായക കഥാപാത്രത്തിനും ജീവൻ നൽകി.

പിന്നീട് മലയാള സിനിമയിൽ നായകനായും വില്ലനായും പ്രധാന സഹനടനായുമെല്ലാം തിളങ്ങി പുരസ്‍കാരങ്ങളടക്കം നേടിയതോടെ വിനായകന്റെ വിലയുയർന്നു. ആ വളർച്ച ഇപ്പോഴെത്തി നിൽക്കുന്നത് സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ടെതിരിടുന്ന പ്രധാന വില്ലൻ വേഷത്തിലാണ്. അത്കൊണ്ട് തന്നെ തീയേറ്ററുകൾ മുത്തുവേൽ പാണ്ട്യൻ ഭരിക്കുമ്പോൾ, പ്രേക്ഷക ഹൃദയങ്ങളുടെ ഭരണം ഏറ്റെടുത്തിരിക്കുന്നത് വിനായകന്റെ വർമ്മനാണ്. അയാളുടെ ഡയലോഗുകൾ മുതൽ, അയാളുടെ നൃത്തവും തമാശകളുമെല്ലാം പ്രേക്ഷകർ ആഘോഷിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close