കലാഭവൻ മണിയുടെ ഡ്യൂപ്പ് ആയി മൈ ഡിയർ കരടി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഷാജോൻ സിനിമാ ജീവിതം ആരംഭിക്കുന്നത്. അതിനു മുൻപ് മിമിക്രി വേദിയിൽ എത്തിയപ്പോൾ ഷാജി ജോണ് എന്ന പേരു ഷാജോണ് എന്ന് മറ്റേണ്ടതായും വന്നു. എന്നാൽ പതിയെ പതിയെ ഈ നടൻ പിടിച്ചു കയറിയത് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്ന് എന്ന സ്ഥാനത്തേക്ക് ആയിരുന്നു. കോമഡി നടനായും വില്ലനായും സ്വഭാവ നടനായും നായകനായും വരെ അഭിനയിച്ചു കഴിഞ്ഞു ഇന്ന് കലാഭവൻ ഷാജോണെന്ന പ്രതിഭ. ഇപ്പോഴിതാ ഡ്യൂപ്പ് ആയി തുടങ്ങിയ സിനിമാ ജീവിതം സംവിധായകൻ എന്ന നിലയിൽ വരെ എത്തി നിൽക്കുകയാണ്.
പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഷാജോണിപ്പോൾ. ഐശ്വര്യ ലക്ഷ്മിയും പ്രയാഗ മാർട്ടിനും നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് മൂവി ആയാണ് ഷാജോണ് അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലുസിഫെർ എന്ന മോഹൻലാൽ ചിത്രത്തിൽ അലോഷി എന്ന കഥാപാത്രം ആയി ഷാജോൻ അഭിനയിച്ചിരുന്നു. ചരിത്ര വിജയം നേടുന്ന ആ ചിത്രത്തിന്റെ ഭാഗം ആവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിൽ ആണ് ഈ നടൻ. ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ തിരക്കഥ കൊണ്ട് പൃഥ്വിരാജ് സുകുമാരനെ കാണാൻ പോയപ്പോൾ ആ തിരക്കഥ വായിച്ചു ചേട്ടൻ തന്നെ ഇത് സംവിധാനം ചെയ്താൽ മതി എന്ന പൃഥ്വിരാജിന്റെ വാക്കാണ് തന്നെ സംവിധായകൻ ആക്കിയതെന്നു ഷാജോൻ പറയുന്നു. ഏതായാലും ഈ വർഷം ഓണം റീലീസ് ആയി ഈ ചിത്രം എത്തിക്കാനുള്ള ഒരുക്കത്തിൽ ആണ് ഷാജോൻ.