മെഗാസ്റ്റാർ മമ്മൂട്ടി നായകനായ രണ്ട് മലയാള ചിത്രങ്ങളാണ് ഈ വർഷം റീ റിലീസ് ചെയ്‌തത്. രഞ്ജിത് ഒരുക്കിയ പാലേരി മാണിക്യം, ഷാജി കൈലാസ് ഒരുക്കിയ വല്യേട്ടൻ എന്നിവയാണ് 4k അറ്റ്മോസിൽ പ്രദർശനത്തിന് എത്തിയത്. പാലേരി മാണിക്യത്തെ പ്രേക്ഷകർ പാടെ കയ്യൊഴിഞ്ഞെങ്കിലും അതിനേക്കാൾ ഭേദപ്പെട്ട സ്വീകരണമാണ് വല്യേട്ടന് കിട്ടിയത്. എങ്കിലും ഒരു വലിയ വിജയം കൈവരിക്കാൻ അതിനും സാധിച്ചില്ല.
എന്നാൽ ഇനിയും റീ റിലീസുകളുമായി മുന്നോട്ട് വരികയാണ് മമ്മൂട്ടി. നാലോളം മമ്മൂട്ടി ചിത്രങ്ങളാണ് വരുന്ന മാസങ്ങളിൽ വീണ്ടും റീ റിലീസ് ചെയ്യുന്നത്. അതിൽ ആദ്യത്തേത് തമിഴ് ചിത്രമായ ദളപതി ആണ്. ചിത്രത്തിലെ നായകനായ രജനികാന്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ചിത്രം ഡിസംബർ പന്ത്രണ്ടിന് തമിഴ്‌നാട്ടിൽ റീ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും നിർണ്ണായക വേഷം ചെയ്ത ഈ ചിത്രം ഒരുക്കിയത് മണി രത്‌നമാണ്.
അടുത്ത വർഷം ജനുവരി മൂന്നിന് മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി ഒരുക്കിയ ആവനാഴി റീ റിലീസ് ചെയ്യും. ജനുവരിയിൽ തന്നെ മമ്മൂട്ടി- ഹരിഹരൻ ടീമിന്റെ ഒരു വടക്കൻ വീരഗാഥയും റീ റിലീസ് ചെയ്യുന്നുണ്ട്. ജനുവരി പതിനാറിന് ആവും ഒരു വടക്കൻ വീരഗാഥ വീണ്ടും എത്തുക എന്നാണ് സൂചന. മമ്മൂട്ടി- ഭരതൻ ടീമിന്റെ അമരവും റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ഫെബ്രുവരിയിൽ അമരം റിലീസ് ചെയ്തേക്കുമെന്നാണ് സൂചന.
മോഹൻലാൽ നായകനായ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവയാണ് റീ റിലീസ് ചെയ്ത് വലിയ ഹിറ്റായ മലയാള ചിത്രങ്ങൾ. ഇവ കൂടാതെ അദ്ദേഹം നായകനായ ആറാം തമ്പുരാൻ, തേന്മാവിൻ കൊമ്പത്ത്, ഇരുവർ എന്നിവയും റീ റിലീസ് പ്ലാൻ ചെയ്യുന്നുണ്ട്.