
ഒരു വർഷം തന്നെ നാല് ഇന്ത്യൻ ഭാഷകളിൽ നായകനായി അഭിനയിച്ച് അപൂർവ നേട്ടത്തിലേക്ക് കുതിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ഒരു പാൻ ഇന്ത്യൻ താരമെന്ന നിലയിൽ വലിയ രീതിയിലുള്ള വളർച്ചയാണ് ദുൽഖർ സൽമാൻ ലക്ഷ്യമിടുന്നത്. അതിലേക്ക് കൂടുതൽ വേഗത്തിൽ തന്നെ അടുത്ത് കൊണ്ടിരിക്കുകയാണ് ഈ നടൻ. വളരെ അപൂർവം നടന്മാർക്ക് മാത്രമേ ഒരേ വർഷം തന്നെ നാലോളം ഇന്ത്യൻ ഭാഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ. അതിൽ തന്നെ നായകനായി അഭിനയിക്കുക എന്നത് അത്യപൂർവമായ ഭാഗ്യമാണ്. ദുൽഖർ സൽമാൻ നായകനായി നാല് ഭാഷകളിലുള്ള നാല് ചിത്രങ്ങളാണ് ഈ വർഷം പ്രേക്ഷകരുടെ മുന്നിലെത്തിയത്. അതിൽ ആദ്യത്തേത് തമിഴ് ചിത്രമായ ഹേ സിനാമിക ആയിരുന്നു. ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഈ റൊമാന്റിക് ചിത്രം മാർച്ചിലാണ് റിലീസായത്.
മാർച്ചിൽ തന്നെ ദുൽഖറിന്റെ മലയാള ചിത്രമായ സല്യൂട്ടും പുറത്ത് വന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ത്രില്ലർ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് വന്നത്. അതിന് ശേഷം വന്ന ദുൽഖർ ചിത്രം തെലുങ്ക് ചിത്രമായ സീതാ രാമമാണ്. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്ത സീതാ രാമം ഒരു പീരീഡ് റൊമാന്റിക് ഡ്രാമയാണ്. ഹനു രാഘവപ്പുഡിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി സീതാ രാമം മാറുകയും ചെയ്തു. ഇപ്പോഴിതാ ദുൽഖർ അഭിനയിച്ച ബോളിവുഡ് ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇന്നലെ പ്രീമിയർ കഴിഞ്ഞ ഈ ചിത്രം വെള്ളിയാഴ്ച ജനങ്ങളുടെ മുന്നിലെത്തും. ആർ ബാൽകി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.