ആനക്കൊമ്പ് വിവാദം;മോഹൻലാലിന് പിന്തുണയുമായി വനം വകുപ്പ് ഹൈക്കോടതിയിൽ..!

Advertisement

കുറച്ചു വർഷങ്ങൾക്കു മുൻപ് വിവാദം ആയി മാറിയ ആനക്കൊമ്പു കേസില്‍ സൂപ്പർ താരം മോഹന്‍ലാലിന് പിന്തുണയുമായി വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസിനു കാരണമായ ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. മോഹൻലാൽ നിയമപരമല്ലാത്ത രീതിയിൽ ആണ് അനക്കൊമ്പ് കൈവശം വെച്ചതെന്ന വാദം ശരിയല്ലെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ കോടതിയെ അറിയിച്ചു. മോഹന്‍ലാല്‍ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചെന്നുള്ള വാദം വനം വകുപ്പ് തള്ളി കളഞ്ഞു. ഈ കേസിൽ മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും സ്വകാര്യ ഹർജി തള്ളണമെന്നും വനംവകുപ്പ് ഹൈക്കോടതിക്കു സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

മോഹന്‍ലാല്‍ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വെച്ചെന്ന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരാളുടെ ഹർജിയിൽ ഹൈക്കോടതി വനം വകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വനം വകുപ്പ് വിശദീകരണം നല്‍കിയത്. രണ്ടു വർഷം മുൻപ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വെക്കാനുള്ള അനുമതി നിയമപരമായി തന്നെ ലഭിച്ചിരുന്നു. വന്യമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ല എന്നും മോഹൻലാലിന് എതിരെ കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി ആയിരുന്നെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ കോടതിയെ ബോധിപ്പിച്ചു. 2012 ജൂണിലാണ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കൾ സമ്മാനമായി നൽകിയത് ആയിരുന്നു ആ ആനക്കൊമ്പ്. അവർ നൽകിയ ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാതിരുന്ന മോഹന്‍ലാല്‍ അവരുടെ പേരിലുള്ള ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 2016ല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നിയമപ്രകാരം തന്നെയാണ് മോഹൻലാലിന് ലഭിച്ചത് എന്നിരിക്കെ പിന്നീട് അതേ കേസിൽ നൽകിയ പരാതി പ്രശസ്തി ലക്ഷ്യമിട്ടാണ് എന്നു വനം വകുപ്പ് വ്യക്തമായി തന്നെ കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close