കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇന്ത്യ മുഴുവൻ ഏപ്രിൽ പതിനാലു വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ നമ്മുടേ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും അവരവരുടെ വീടുകളിൽ തന്നെയാണ്. എന്നാൽ വീടില്ലാത്തവരും അതുപോലെ ദിവസ കൂലിക്കു ജോലി ചെയ്യുന്നവരും വൃദ്ധ സാധനങ്ങളിൽ താമസിക്കുന്നവരുമടക്കം ഒട്ടേറെ പേർ പ്രതിസന്ധി നേരിടുന്നുമുണ്ട്. കഴിഞ്ഞ ദിവസം മലയാള സിനിമയിലെ ദിവസ കൂലി ജോലിക്കാരെ സഹായിക്കാനായി മോഹൻലാൽ, മഞ്ജു വാര്യർ, തെലുങ്ക് നടൻ അല്ലു അർജുൻ എന്നിവർ ധന സഹായവുമായി മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്ന അമ്പതു പേർക്ക് ഭക്ഷണമെത്തിച്ചു നൽകി ശ്രദ്ധ നേടുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ. കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു ഇതിനുള്ള സാമ്പത്തിക സഹായം കൈമാറിയത്. സൂര്യ ഇഷാൻ ഇക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചു.
മഞ്ജു വാര്യർ മാത്രമല്ല സംസ്ഥാന സർക്കാരും അതാതു ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ ഇഷാൻ പറയുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് കൂടിയായ രഞ്ജു രഞ്ജിമാർ വഴിയാണ് മഞ്ജു വാര്യർ ഇവരുടെ അവസ്ഥയറിയുന്നതും ശേഷം സഹായമെത്തിക്കുന്നതും. രഞ്ജു രഞ്ജിമാർ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, മഞ്ചു വാര്യർ, മനുഷ്യരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന എന്റെ കൂടപ്പിറപ്പ്, കൊറോണ ഭീതിയിൽ ലോകം വാതിലുകൾ കൊട്ടിയടച്ച് ഇനിയെന്ത് എന്ന ചോദ്യചിഹ്നത്തിൽ നില്ക്കുമ്പോൾ, കുട്ടികളുടെ അവസ്ഥ ഓർത്ത്, വരാനിരിക്കുന്ന വിപത്തുക്കളെ ഓർത്ത് വല്ലാത്ത ഒരവസ്ഥയാണ്. ചേച്ചിയെ വിളിച്ച് സംസാരിച്ചപ്പോൾ എന്താ സഹായം വേണ്ടത് എന്നാണ് ആദ്യം ചോദിച്ചത്, ആഹാരസാധനങ്ങൾ തന്നെയാണ് ആവശ്യം ഈ അവസ്ഥയിൽ, ധ്വയയിലെ കുട്ടികളുടെ ദൈനംതിന കാര്യങ്ങൾ മനസ്സിലാക്കി ആഹാരസാധനങ്ങൾ ഏർപ്പെടുത്തി, ഇന്ന് വിതരണം ചെയ്തു, എന്നും എന്റെ ചേച്ചിക്ക് ആയുസ്സും, ആരോഗ്യവും, അനുഗ്രഹവും ഉണ്ടാകട്ടെ. ഒരാൾക്ക് ഭക്ഷണ കിറ്റ് വാങ്ങാൻ എഴുന്നൂറ് രൂപ ചിലവാകും എന്നറിഞ്ഞപ്പോൾ അമ്പതു പേർക്കുള്ള ഭക്ഷണ കിറ്റിനായി ഒട്ടും വൈകാതെ 35000 രൂപയാണ് മഞ്ജു വാര്യർ നൽകിയത് എന്നും രഞ്ജു പറയുന്നു.