ജയറാം നായകനായ പുതിയ ചിത്രമായ പട്ടാഭിരാമൻ ഇപ്പോൾ മികച്ച ബോക്സ് ഓഫീസ് വിജയം നേടി കുതിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടു കൂടി വലിയ വിജയം നേടുന്ന ഈ ചിത്രം ഒരു കാലിക പ്രസക്തിയുള്ള കഥ പറഞ്ഞു നിരൂപകരുടെ അഭിനന്ദനവും നേടുന്നുണ്ട്. ഭക്ഷണത്തിൽ മായം ചേർക്കുന്ന പ്രവണതക്ക് എതിരെയാണ് പട്ടാഭിരാമൻ സംസാരിക്കുന്നതു. ഇപ്പോഴിതാ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് കേരളത്തിന്റെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമൻ ആണ്. പട്ടാഭിരാമൻ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും പുതുമയാർന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും പട്ടാഭിരാമൻ കണ്ടതിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ ഇപ്രകാരം, “സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിർമ്മിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാർന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു.”. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങൾ ഈ ചിത്രം പറയുന്നുണ്ട് എന്നും അക്കാര്യത്തിൽ ഇന്ന് മുതൽ കൂടുതൽ ശ്രദ്ധ തങ്ങൾ ചെലുത്തും എന്ന് അദ്ദേഹം പറയുന്നു. മന്ത്രിയുടെ പ്രശംസ ഏറെ അഭിമാനം നൽകുന്നു എന്നും ഈ ചിത്രത്തിന്റെ വിജയം ആണ് ആ വാക്കുകൾ കാണിച്ചു തരുന്നത് എന്നും സംവിധായകൻ കണ്ണൻ താമരക്കുളം പ്രതികരിച്ചു. പ്രശസ്ത തിരക്കഥാ രചയിതാവായ ദിനേശ് പള്ളത്തു രചന നിർവഹിച്ച ഈ ചിത്രത്തിൽ മിയ, ഷീലു എബ്രഹാം, ജയപ്രകാശ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് പട്ടാഭിരാമൻ നിർമ്മിച്ചിരിക്കുന്നത്.