ഉലക നായകൻ കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് വിക്രം. മാനഗരം, കൈതി, മാസ്റ്റർ എന്നീ വമ്പൻ ഹിറ്റുകൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്. കമൽ ഹാസൻ തന്നെ നിർമ്മിക്കുകയും ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രമാണ്. റിലീസിന് മുൻപേ തന്നെ വിവിധ അവകാശങ്ങൾ വിറ്റ വഴിയിൽ ഇരുനൂറു കോടിയോളം സമ്പാദിച്ച ഈ ചിത്രം ജൂൺ മൂന്നിനാണ് ആഗോള റിലീസായി എത്തുക. കമൽ ഹാസനെ കൂടാതെ മലയാളി താരം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, നരെയ്ൻ, അർജുൻ ദാസ് എന്നിവയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഹൈപ്പ് വാനോളമെത്താനുള്ള മറ്റൊരു കാരണം, ഇതിൽ നടിപ്പിൻ നായകൻ സൂര്യ അതിഥി വേഷത്തിലെത്തുന്നുവെന്നത് കൂടിയാണ്. വിക്രം മൂന്നാം ഭാഗത്തിൽ പ്രധാന വേഷത്തിൽ സൂര്യ ഉണ്ടാകുമെന്നും അതിലേക്കുള്ള ഒരു തുടക്കമാണ് ഈ അതിഥി വേഷമെന്നും കൂടി കമൽ ഹാസൻ വെളിപ്പെടുത്തിയതോടെ ആരാധകരുടെ ആവേശം വാനോളമെത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സൂര്യയുടെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. എന്നാൽ പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ പേര് വെക്കാതെ ഒരു ചോദ്യ ചിഹ്നം മാത്രമാണുള്ളതെന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ഈ കഥാപാത്രം ചെയ്തതിനു സൂര്യക്ക് നന്ദിയും പറയുന്നുണ്ട് ലോകേഷ്. ഏതായാലും സൂര്യയുടെ മുഖം വെള്ളിത്തിരയിൽ തെളിയുന്ന നിമിഷം തീയേറ്ററുകൾ പൂരപ്പറമ്പാകുമെന്നു തന്നെയാണ് ആരാധകരുടെ ആവേശം സൂചിപ്പിക്കുന്നത്. ഇതിന്റെ ട്രൈലെർ, ടീസർ, ഇതിലെ ഗാനങ്ങളെന്നിവ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.