ഏകദേശം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തൻ ഫഹദ് ഫാസിലിന് കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ജോജി എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈമിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും വളരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസിലിനെ കൂടാതെ ചിത്രത്തിൽ ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡ് കാലത്തെ ശക്തമായ നിയന്ത്രണങ്ങൾക്ക് നടുവിലാണ് ജോജി ദിലീഷ് പോത്തനും സംഘവും ഒരുക്കിയത്. സിനിമാപ്രേമികൾ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ സിനിമ അനുഭവങ്ങളും ദിലീഷ് പോത്തൻ ഓൺലൈൻ മാധ്യമമായ ദി ക്യൂവിനോട് പങ്കുവെച്ചിരിക്കുകയാണ്. ജോജിയുടെ പ്രതീക്ഷകൾ പങ്കുവച്ച ദിലീഷ് പോത്തൻ സിനിമാലോകത്ത് ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഫിലിം മേക്കേഴ്സിന് ലഭിക്കാറില്ല എന്ന് അഭിപ്രായപ്പെട്ടു. ജോജി ഉൾപ്പെടെ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും റിയലിസ്റ്റിക് ഗണത്തിൽപ്പെടുന്ന ചിത്രങ്ങളാണ്. എന്നാൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഏതെങ്കിലുമൊരു ശൈലിയിൽ തളച്ചിടപ്പെടാൻ തനിക്ക് താൽപര്യമില്ല എന്നും എല്ലാ ഗണത്തിലും പെട്ട സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും ദിലീഷ് പോത്തൻ അഭിമുഖത്തിൽ പറയുന്നു.
എല്ലാ ശൈലിയിലുമുള്ള സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ദിലീഷ് പോത്തൻ പറയുന്നുവെങ്കിലും വ്യത്യസ്ത സ്വഭാവത്തിലുള്ള സിനിമകൾ ചെയ്യാൻ താരങ്ങൾക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഫിലിം മേക്കേഴ്സിന് ലഭിക്കാറില്ലയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുകയാണ് ഫിലിം മേക്കേഴ്സ് നേരിടുന്ന ഈയൊരു വെല്ലുവിളിയെപ്പറ്റി ദിലീഷ് പോത്തൻ തുറന്നു പറഞ്ഞത്. താൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന അടുത്ത ചിത്രം തിയേറ്റർ ഓഡിയൻസിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മാസ് ചിത്രമായിരിക്കുമെന്നും എന്നാൽ ഇവിടെ ആക്ടേഴ്സിന് ഫ്രീഡം ഉണ്ട്, മമ്മൂട്ടിയും മോഹൻലാലും ഒരേ വർഷം തന്നെ മാസ് കൊമേഷ്യൽ ചിത്രങ്ങളും മറുപുറത്ത് അഭിനയപ്രാധാന്യമുള്ള സിനിമകളും ചെയ്യുന്നുണ്ട്. ആർട്ടിസ്റ്റ് കിട്ടുന്ന ഈ സ്വാതന്ത്ര്യം പലപ്പോഴും ഫിലിംമേക്കഴ്സിന് കിട്ടാറില്ല. സിനിമയുടെ എല്ലാ സാധ്യതകളെയും എക്സ്പീരിയൻസ് ചെയ്യണമെന്നാണ് ആഗ്രഹം. വ്യത്യസ്തമായ പാറ്റേണിലുള്ള സിനിമകൾ ഒരുക്കുന്ന ചലച്ചിത്രകാരൻ ജയരാജിന്റെ ശൈലിയെ ഉദാഹരണമായി ദിലീഷ് പോത്തൻ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.