നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത മഹാവീര്യർ എന്ന മലയാള ചിത്രം ഇപ്പോൾ മികച്ച വിജയം നേടിയാണ് മുന്നോട്ടു കുതിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രത്തിന് സിനിമാ പ്രേമികളും ആരാധകരും മാത്രമല്ല, പ്രശസ്ത നിരൂപകരും അന്യ ഭാഷയിൽ നിന്ന് വരെയുള്ള സിനിമാ പ്രവർത്തകരും വലിയ കയ്യടിയാണ് നൽകുന്നത്. ഇപ്പോഴിതാ പ്രശസ്ത തമിഴ് സംവിധായകൻ മാരി സെൽവരാജാണ് ഈ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചത്. വളരെ മനോഹരവും കൗതുകകരവുമായ ഒരു സറ്റയർ ആണ് ഈ ചിത്രമെന്നും, നമ്മുടെ സമൂഹത്തെ കുറിച്ചും, നീതിയെ കുറിച്ചും അടിച്ചമർത്തപ്പെടുന്ന ആളുകളെ എങ്ങനെയാണു അധികാരവർഗം ചൂഷണം ചെയ്യുന്നതെന്നും, അവർ അനുഭവിക്കുന്ന അനീതിയെ കുറിച്ചുമെല്ലാം വളരെ സൂക്ഷ്മമായി ചർച്ച ചെയ്യുന്ന ചിത്രമാണിതെന്നും മാരി സെൽവരാജ് കുറിക്കുന്നു.
പ്രത്യേകിച്ച് സ്ത്രീകളെ എങ്ങനെയാണു നമ്മുടെ അധികാര വർഗ്ഗവും സമൂഹവും അടിച്ചമർത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതെന്ന് ഈ ചിത്രം കാണിച്ചു തരുന്നെന്നു അദ്ദേഹം പറയുന്നു. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അഭിനന്ദനവും ആശംസകളും നേർന്നു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ രചിച്ച ഈ ചിത്രത്തിൽ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചത്.
Thank you dear @mari_selvaraj 😊 pic.twitter.com/HzNczVmdGy
— Nivin Pauly (@NivinOfficial) August 7, 2022