
കൊറോണവൈറസ് തീർത്ത പ്രതിസന്ധിയിൽ നിന്നും മലയാളസിനിമ പതിയെ തരണം ചെയ്ത് വരികയാണ്. സൂപ്പർതാര ചിത്രങ്ങളടക്കം നിരവധി സിനിമകൾ മലയാളത്തിൽ തിയേറ്റർ റിലീസിന് ഒരുങ്ങി നിൽക്കുകയാണ്. ഇപ്പോഴും പ്രതിസന്ധി വിട്ടു മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ തിയേറ്റർ റിലീസിങ്ങിന് സംബന്ധിച്ച് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. വൈറസ് പ്രതിസന്ധി നിലനിന്നിരുന്ന സാഹചര്യത്തിലായിരുന്നു അണിയറപ്രവർത്തകർ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് നിശ്ചയിച്ചത്. എന്നാൽ പിന്നീട് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ തിയേറ്ററുകൾ തുറക്കുകയായിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറപ്രവർത്തകർ. എന്നാൽ ആ ശ്രമത്തിന് ശക്തമായ തിരിച്ചടി കിട്ടിരിക്കുകയാണ്. ദൃശ്യം 2 തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല എന്ന് ഫിലിം ചേംബർ പറഞ്ഞിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ കളിക്കാനാകില്ല എന്ന് ഫിലിം ചേംബർ പ്രസിഡണ്ട് വിജയകുമാർ തുറന്നു പറഞ്ഞിരിക്കുകയാണ്. മോഹൻലാൽ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖങ്ങൾ അഭിനയിച്ച ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്തതിനാൽ ആ ചിത്രങ്ങൾ തീയേറ്ററുകളിൽ പുറത്തിറക്കാൻ സാധിക്കില്ല എന്നായിരുന്നു ഫിലിം ചേംബർ പ്രസിഡണ്ട് വിജയകുമാറിന്റെ പ്രതികരണം. റിപ്പോർട്ടർ ജീവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.