ഫഹദ് ഫാസിലിനെ വിലക്കിയേക്കും; മുന്നറിയിപ്പ് നൽകി പ്രമുഖ സംഘടന

Advertisement

നടൻ ഫഹദ് ഫാസിൽ വിലക്ക് നേരിടുമെന്ന് മുന്നറിയിപ്പ് നൽകി തിയേറ്റർ സംഘടനയായ ഫിയോക് രംഗത്ത്. മാർച്ച് മാസം ഫിയൊക്കിന്റെ പുതിയ ഭാരവാഹികൾ യോഗം ചേർന്നിരുന്നു ഈ യോഗത്തിലാണ് ഫഹദ് ഫാസിലിനെ വിലക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനത്തിൽ തിയേറ്റർ ഉടമകൾ എത്തിയത്. മുന്നറിയിപ്പിന്റെ ഭാഗമായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഫഹദ് ഫാസിൽ അഭിനയിക്കരുത് എന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടകം മൂന്നോളം ഫഹദ് ഫാസിൽ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തിട്ടുള്ളത്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ സെപ്റ്റംബർ മാസം പുറത്തിറങ്ങിയ ‘സി യു സൂൺ’ എന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി വലിയ വിജയമായ ഈ ചിത്രത്തിന് ശേഷം നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ‘ഇരുൾ’ എന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്തത്. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന് ശേഷവും തുടർച്ചയായ മൂന്നാമത്തെ ഫഹദ് ഫാസിൽ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതാണ് തിയേറ്റർ ഉടമകളെ വിലക്ക് എന്ന മുന്നറിയിപ്പ് നൽകാൻ പ്രേരിപ്പിച്ചത്.

ഏപ്രിൽ ഏഴാം തീയതിയാണ് ഫഹദ് ഫാസിലിനെ പുതിയ ചിത്രമായ ‘ജോജി’ ആമസോൺ പ്രൈം വീഡിയോയിൽ എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. തുടർച്ചയായി പുറത്തിറങ്ങിയ മൂന്ന് ഫഹദ് ഫാസിൽ ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിൽ വലിയ വിജയമായി മാറിയതാണ് തിയേറ്റർ സംഘടനയെ ചൊടിപ്പിച്ചത്.ഒടിടി റിലീസ് ചിത്രങ്ങളുമായി സഹകരിച്ചാൽ ഇനി ഫഹദ് ഫാസിൽ ചിത്രങ്ങൾ തിയേറ്റർ കാണില്ല എന്ന കടുത്ത നിലപാടാണ് തിയേറ്റർ ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയൊക്കിന്റെ പുതിയ ഭാരവാഹിയായി ചാർജ് ഏറ്റെടുത്ത വിജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്.

Advertisement

ഈ യോഗത്തിലായിരുന്നു ഫഹദ് ഫാസിൽ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. ഇനിയും ഒടിടി ചിത്രങ്ങളിൽ അഭിനയിക്കുകയാണെങ്കിൽ റിലീസിനൊരുങ്ങുന്ന പുതിയ ഫഹദ് ഫാസിൽ ചിത്രം ‘മാലിക്’ പോലും വലിയ പ്രതിസന്ധി നേരിടുമെന്ന് തിയേറ്റർ സംഘടന മുന്നറിയിപ്പ് നൽകുന്നു. വിലക്കുമായി ബന്ധപ്പെട്ട വിവരം റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. ചർച്ച നടന്നുകൊണ്ടിരിക്കെ സംവിധായകൻ ബി. ഉണ്ണികൃഷ്ണനും നടൻ ദിലീപും ഫഹദ് ഫാസിലിനെ വിളിച്ച് വിവരമറിയിച്ചു എന്നും ഇതേ തുടർന്ന് സംഘടനയുടെ ഭാരവാഹിയായ വിജയ കുമാറിനെ ഫഹദ് ഫാസിൽ ഫോണിൽ വിളിച്ച് സംസാരിച്ചു എന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഒടിടി ചിത്രങ്ങളുമായി താൻ സഹകരിക്കില്ല എന്ന് ഫഹദ് ഫാസിൽ തിയേറ്റർ ഉടമകൾക്ക് ഉറപ്പു നൽകുകയും ചെയ്തു എന്ന് റിപ്പോർട്ടർ ചാനൽ പറയുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close