മലയാള സിനിമയിൽ വീണ്ടും നിരോധനത്തിന്റെ ഭീഷണി മുഴക്കി മുന്നോട്ടു വന്നിരിക്കുകയാണ് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 56 ദിവസം കഴിഞ്ഞു മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമിൽ നല്കാൻ അനുവദിക്കുകയുള്ളു എന്നും, അതിനു മുൻപേ കൊടുക്കുന്ന നിർമ്മാതാക്കളുടേയും താരങ്ങളുടേയും പിന്നെ വരുന്ന ചിത്രങ്ങൾ തങ്ങൾ പ്രദർശിപ്പിക്കില്ല എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ ഇന്നലെ നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞു. ഓണച്ചിത്രങ്ങള്‍ അടക്കം 56 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കിയാല്‍ മതിയെന്നാണ് ഫിയോക്കിന്റെ തീരുമാനമെന്നും ഇത് സംബന്ധിച്ച് ഫിലിം ചേമ്പറിനു കത്ത് നൽകുമെന്നും അദ്ദേഹം പറയുന്നു. മോഹല്‍ലാലിന്റെ എലോണ്‍ ഒ.ടി.ടിയില്‍ പോയിട്ട്, അടുത്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ തങ്ങൾ സ്വീകരിക്കില്ല എന്നും വിജയകുമാർ കൂട്ടിച്ചേർക്കുന്നുണ്ട്.
ആശീർവാദ് സിനിമാസ് നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത എലോൺ, മോഹൻലാൽ മാത്രം അഭിനയിക്കുന്ന ഒരു ചിത്രമാണ്. ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി, വളരെ ചെറിയ കാൻവാസിൽ പതിനേഴു ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് എലോൺ. മാത്രമല്ല ചിത്രത്തിന്റെ കഥാപശ്‌ചാത്തലവും കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അപ്പോൾ ആ ചിത്രം ഒറ്റിറ്റിക്ക് നൽകിയാൽ പിന്നെ വരുന്ന മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്ന ഫിയോകിന്റെ നിലപാടിനെതിരെ ശ്കതമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബറോസ്, റാം, എംപുരൻ തുടങ്ങിയ ചിത്രങ്ങളും, ഷൂട്ടിംഗ് പൂർത്തിയായ വൈശാഖ് ചിത്രം മോൺസ്റ്ററുമാണ് ഇനി വരാനുള്ള മോഹൻലാൽ ചിത്രങ്ങൾ. മലയാള സിനിമകൾക്ക് തീയേറ്ററിൽ ആളുകൾ കുറയുന്നു എന്നത് വലിയ പ്രതിസന്ധിയാണെന്നും അതിനു ഒരു കാരണം മുപ്പതു ദിവസത്തിനുള്ളതിൽ വരുന്ന ഒടിടി റിലീസ് ആണെന്നും വിജയകുമാർ പറയുന്നുണ്ട്.