ഗൂഢസംഘമാരൊക്കെയെന്നു നീരജ് മാധവ് വെളിപ്പെടുത്തണമെന്ന് ഫെഫ്ക; അമ്മക്ക് കത്ത് നൽകി സാങ്കേതിക പ്രവർത്തകരുടെ സംഘടന..!

Advertisement

രണ്ടു ദിവസം മുൻപാണ് പ്രശസ്ത മലയാള നടൻ നീരജ് മാധവ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ബോളിവുഡിൽ വിധേയത്വം കാണിക്കാത്തവരെ ഒതുക്കുന്ന ഗൂഢ സംഘമുണ്ടെന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നിരുന്നു. അവരുടെ സമ്മർദ തന്ത്രങ്ങളാണ് സുശാന്തിനെ ആത്മത്യയിലേക്കു നയിച്ചതെന്നാണ് ആരോപണങ്ങൾ വരുന്നത്. ആ പശ്ചാത്തലത്തിൽ അത്തരം സംഘങ്ങൾ മലയാള സിനിമയിലും ഉണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ടാണ് നീരജ് മാധവ് രംഗത്ത് വന്നത്. എന്നാൽ അതിനെതിരെ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ, നിർമ്മാതാവ് ഷിബു സുശീലൻ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും നീരജ് മാധവിന്റെ ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

നീരജ് ആരോപിക്കുന്ന ആ ഗൂഢസംഘത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു എന്ന് മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫെഫ്ക കത്ത് നൽകുകയും ചെയ്തു. മലയാള സിനിമയിൽ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്പര്യമുള്ളവർ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്. അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കുമെന്നാണ് ഫെഫ്ക പറഞ്ഞിരിക്കുന്നത്. എന്നാൽ അതോടൊപ്പം നീരജിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു നീരജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കാര്യങ്ങൾ വിവരിച്ചത് എങ്കിലും, അതിനു വ്യക്തത നൽകണമെന്നാണ് ഫെഫ്കയുടെ ആവശ്യം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close