മലയാള സിനിമയിലെ മാസ്റ്റർ ഡിറക്ടർമാരിൽ ഒരാളാണ് ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഫാസിലാണ്, പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ എന്ന നടനെകൂടി ആ ചിത്രത്തിലൂടെ നമ്മുക്ക് മുന്നിലെത്തിച്ചത്. ഇപ്പോൾ ഫാസിലിന്റെ മകൻ ഫഹദ് ഫാസിലും തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. നോക്കെത്താ ദൂരത്തു കണ്ണും നട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഫാസിലിന്റെ കരിയറിലെ ക്ലാസിക് ആയി മാറിയ ചിത്രമാണ് മണിച്ചിത്രത്താഴ്. സംവിധായകൻ ആയി മാത്രമല്ല നിർമ്മാതാവായും ഒട്ടേറെ ഗംഭീര ചിത്രങ്ങൾ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. അത് കൂടാതെ ഒരു നടനെന്ന നിലയിലും ഫാസിൽ ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി 1998 ഇൽ ഫാസിൽ ഒരുക്കിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിന് വേണ്ടി മൂന്ന് ക്‌ളൈമാക്‌സുകൾ ഒരുക്കിയ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.
മോഹൻലാലും മമ്മൂട്ടിയും തുല്യരായി നിൽക്കുന്ന സമയത്തു അവരെ ഒരുമിപ്പിച്ചു സിനിമയെടുക്കണം എന്ന ആഗ്രഹത്താൽ, അവരോടു വളരെ സൗഹൃദം പുലർത്തുന്ന ആളെന്ന നിലയിലാണ് ഹരികൃഷ്ണൻസ് ഒരുക്കിയതെന്നു ഫാസിൽ പറയുന്നു. എന്നാൽ അത്തരമൊരു സിനിമയെടുക്കുമ്പോൾ അവരിൽ ഒരാളെ താൻ കൂടുതലായി പരിഗണിച്ചു എന്നൊരു ആക്ഷേപം ഉണ്ടാകാതെയിരിക്കണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്നമെന്നും ജൂഹി ചൗള ചെയ്ത നായികാ കഥാപാത്രത്തെ അതിലെ ഏതു നായകന് കിട്ടണം എന്നുള്ളതായിരുന്നു പ്രധാന പ്രശ്നം എന്നും ഫാസിൽ പറയുന്നു. മോഹൻലാൽ, മമ്മൂട്ടീ എന്നിവരുടെ ആരാധകരെ നിരാശരാക്കുന്ന തരത്തിൽ അതൊരുക്കാൻ സാധിക്കില്ലായിരുന്നു എന്നും അപ്പോൾ തോന്നിയ ഒരു കൗതുകവും കുസൃതിയും ആയിരുന്നു രണ്ടു പേർക്കും കിട്ടുന്നതും ആർക്കും കിട്ടുന്നത് കാണിക്കാത്തതുമായ ക്ലൈമാക്സുകൾ ഒരുക്കിയതെന്നു ഫാസിൽ വെളിപ്പെടുത്തുന്നു. മൊത്തം മുപ്പത്തിരണ്ട് പ്രിന്റ് ഉള്ളത് കൊണ്ട് പതിനാറു പ്രിന്റിൽ മോഹൻലാലിന് കിട്ടുന്നതായും പതിനാറു പ്രിന്റിൽ മമ്മൂട്ടിക്ക് കിട്ടുന്നതായും വെച്ചാണ് റിലീസ് ചെയ്തത് എന്നും അതൊരു കൗതുകം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.