
തമിഴ് സിനിമയിലെ ഏറ്റവും പ്രശസ്തരായ ഛായാഗ്രാഹകരിൽ ഒരാളാണ് എം എസ് പ്രഭു. കമൽ ഹാസന്റെ കരിയറിലെ നിർണ്ണായക ചിത്രമായ മഹാനദിയിലൂടെ ഛായാഗ്രാഹകനായി 27 വർഷം മുൻപ് അരങ്ങേറ്റം കുറിച്ച എം എസ് പ്രഭു, ഇതിനോടകം 27 ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു കഴിഞ്ഞു. കമൽ ഹാസൻ, അജിത്, സൂര്യ, വിജയ്, വിക്രം, അക്ഷയ് കുമാർ, അനിൽ കപൂർ തുടങ്ങി ഒട്ടേറെ പ്രശസ്ത നായക നടൻമാർ അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അദ്ദേഹം തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയുമാണ്. ഇപ്പോഴിതാ ഏത് നടനെ തന്റെ ക്യാമറക്കു മുന്നിൽ നിർത്തണമെന്നാണ് ആഗ്രഹമെന്ന് ഒരു തമിഴ് ചാനലിനു കൊടുത്ത അഭിമുഖത്തിൽ ചോദിച്ചപ്പോൾ, എം എസ് പ്രഭു പറഞ്ഞ മറുപടി, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ പേരാണ്. തമിഴ് സിനിമയ്ക്കു കമൽ ഹാസൻ എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യൻ സിനിമയ്ക്കു മൊത്തത്തിൽ മോഹൻലാൽ എന്നും അദ്ദേഹം പറയുന്നു.
കെ വി ആനന്ദ് സംവിധാനം ചെയ്ത സൂര്യ- മോഹൻലാൽ ചിത്രമായ കാപ്പാനു വേണ്ടി ക്യാമറ ചലിപ്പിച്ചത് എം സ് പ്രഭു ആണ്. എന്നാൽ അതിൽ മോഹൻലാൽ അതിഥി വേഷമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അതിനുള്ള അവസരം ഏതെങ്കിലും ഒരു സംവിധായകൻ തനിക്കു എന്നെങ്കിലും തരുമെന്നാണ് പ്രതീക്ഷയെന്നും എം എസ് പ്രഭു പറയുന്നു. മോഹൻലാൽ എന്ന നടന്റെ അഭിനയം അത്ര മനോഹരമാണെന്നും താനത് ഒരുപാട് ആസ്വദിക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
