
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പരിവാർ’ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന് കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയിലറിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.
ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കുടുംബത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളുടെ രസകരമായ അവതരണമായിരിക്കും ഇതിലൂടെ നമ്മുക്ക് കാണാൻ സാധിക്കുക.
സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ, സംഗീതം ബിജിബാൽ.
മോഹൻലാൽ നായകനായ ബ്ലെസി ചിത്രം പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച മലയാളത്തിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്.